Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ വിട്ടുനിന്നത് അസാധാരണമെന്ന് പിബിയും; ‘രാജിപ്പോര്’ മുറുകുന്നു

Kanam Rajendran and Pinarayi Vijayan

ന്യൂഡൽഹി ∙ തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി സിപിഐയും സിപിഎമ്മും തമ്മിലുടലെടുത്ത തർക്കം ദേശീയതലത്തിലേക്ക്. മന്ത്രിസഭാ യോഗത്തില്‍നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ സിപിഎം പൊളിറ്റ്ബ്യൂറോ വിമർശിച്ചു. സിപിഐയുടേത് അസാധാരണ നടപടിയാണെന്ന് അവയ്‌ലബിള്‍ പിബി വിലയിരുത്തി.

സിപിഎമ്മിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐയെ അറിയിക്കും. സിപിഐ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിബിയില്‍ വ്യക്തമാക്കി. ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി, സിപിഐ മന്ത്രിമാരുടേത് അസാധാരണ നടപടിയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത് സ്ഥിതി സങ്കീർണമാക്കി. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്നാണു സിപിഐ മുഖപത്രമായ ജനയുഗത്തിൽ ചീഫ് എഡിറ്റർ എന്ന നിലയിലെഴുതിയ മുഖപ്രസംഗത്തിൽ കാനം വിശദീകരിച്ചത്.

ഹൈക്കോടതി വിധിയും മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയിലെ നിലനില്‍പ്പിന്റെ സാധുതയെയാണു ചോദ്യം ചെയ്തത്. തോമസ് ചാണ്ടി പങ്കെടുക്കുന്നത് മന്ത്രിസഭയുടെ ജനാധിപത്യ മൂല്യങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ്. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നടപടിയിലേക്ക് സിപിഐയെ നയിച്ചതെന്നും കാനം പറഞ്ഞു.

മുന്നിക്കുള്ളിലെ ഐക്യത്തിന് കോട്ടം തട്ടിയെന്ന പ്രതീതി വർധിപ്പിച്ച്, വ്യാഴാഴ്ച കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തിൽ സിപിഐക്കെതിരെ സിപിഎം പടയൊരുക്കം തുടങ്ങിയിരുന്നു. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ സിപിഐയെ ഒഴിവാക്കി മൂന്നാർ സംരക്ഷണ സമിതിക്കു  രൂപം നൽകി. സിപിഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായി പത്ത് പഞ്ചായത്തുകളിൽ 21ന് ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ജോയ്സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയ നടപടിയാണു പ്രതിഷേധത്തിനു കാരണം.