Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ പഞ്ചാബ് സ്വദേശി വെടിയേറ്റു മരിച്ചു; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Dharampreet-Singh-Jasser-and-Armitraj-Singh-Athwal കൊല്ലപ്പെട്ട ധരംപ്രീത് സിങ് ജാസർ (ഇടത്), പ്രതി അമിത്‌രാജ് സിങ് അത്‌വാൾ (വലത്)

വാഷിങ്ടൻ∙ ഇന്ത്യക്കാരനായ വിദ്യാർഥിയെ യുഎസിലെ കലിഫോർണിയയിൽവച്ച് ഇന്ത്യൻ വംശജനടങ്ങുന്ന നാലംഗ സംഘം വെടിവച്ചു കൊന്നു. മോഷണത്തിനിടെയായിരുന്നു കൊലപാതകം. പഞ്ചാബ് സ്വദേശിയായ ധരംപ്രീത് സിങ്ങാണ് മരിച്ചത്.

സംഭവം ഇങ്ങനെ: ഫ്രെസ്നോയിലെ ഗ്യാസ് സ്റ്റേഷനു സമീപമുള്ള കടയിൽ പഠനത്തിനുശേഷം ധരംപ്രീത് സിങ് ജസർ ജോലിക്കു പോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി കടയിൽ മോഷണത്തിനെത്തിയ സംഘമാണ് ധരംപ്രീതിനെ കൊലപ്പെടുത്തിയത്. മോഷ്ടാക്കളെ കണ്ട ധരംപ്രീത് ക്യാഷ് കൗണ്ടറിനു പിന്നിൽ ഒളിച്ചെങ്കിലും സംഘത്തിലൊരാൾ വെടിവച്ചു. ധരംപ്രീതിനെ കൊലപ്പെടുത്തിയതിനുശേഷം സംഘം കടയിൽനിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തു. കടയിലെത്തിയ ആളാണ് ധരംപ്രീതിന്റെ മൃതദേഹം കണ്ടെത്തിയത്.

ധരംപ്രീത് മൂന്നുവർഷം മുൻപ് സ്റ്റുഡന്റ് വീസയിലാണ് യുഎസിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിരണ്ടുകാരനായ അമിത്‌രാജ് സിങ് അത്‌വാളിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നും അമിത്‌രാജിന്റെ മൊഴിയിൽനിന്നും മറ്റുള്ളവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചുവെന്നു പൊലീസ് വ്യക്തമാക്കി.

കൊലപാതക സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രതികരിച്ചു. ധരംപ്രീതിന്റെ കുടുംബത്തിന് നീതിയുറപ്പാക്കാൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിനോട് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.