Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ മൽസര ദിവസങ്ങളിൽ മെട്രോ സർവീസുകൾ രാത്രി 11.15 വരെ

Kochi Metro

കൊച്ചി∙ ഐഎസ്എൽ ഫുട്ബോൾ മൽസരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ കൊച്ചി മെട്രോ സർവീസുകൾ രാത്രി 11.15 വരെയുണ്ടാകും. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്നുള്ള അവസാന ട്രെയിൻ രാത്രി 11.15നായിരിക്കും പുറപ്പെടുക. മഹാരാജാസ് സ്റ്റേഷനിലേക്കും ആലുവയിലേക്കും ട്രെയിനുകളുണ്ടാകും. ഡിസംബർ 31ന് ഒഴികെ കളി നടക്കുന്ന ബാക്കി എല്ലാ ദിവസങ്ങളിലും അധിക സർവീസുകളുണ്ടാകും.

കളി കാണാൻ സ്റ്റേഡിയത്തിലേക്കു പോകുമ്പോൾ തന്നെ മെട്രോ സ്റ്റേഷനുകളിൽനിന്നു മടക്ക ടിക്കറ്റുകൾ (റിട്ടേൺ) വാങ്ങിയാൽ കളി കഴിഞ്ഞു സ്റ്റേഡിയം സ്റ്റേഷനിൽ നീണ്ട വരി നിൽക്കുന്നതു ഒഴിവാക്കാം. ഡിസംബർ 23 വരെ മടക്ക യാത്ര സൗജന്യമാണ്. മലബാർ ഭാഗത്തേക്കു പോകേണ്ടവർക്കു ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽനിന്നു തുടർ യാത്രാ സൗകര്യം ലഭിക്കും.

എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനടുത്തു ലിസി മെട്രോ സ്റ്റേഷനും എറണാകുളം ജംക്‌ഷൻ (സൗത്ത്) സ്റ്റേഷനു സമീപം മഹാരാജാസ് മെടോ സ്റ്റേഷനുമാണുള്ളത്. മഹാരാജാസ് സ്റ്റേഷനിൽനിന്നു ഒരു കിലോമീറ്റർ അകലെയാണു സൗത്ത് സ്റ്റേഷൻ.