Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖൻ മോദി, രണ്ടാമത് രാഹുൽ: യുഎസ് സർവേ

Narendra Modi

വാഷിങ്ടൻ∙ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അമേരിക്കയിലെ പ്യൂ റിസർച്ച് സെന്ററിന്റെ സർവേ. സർവേയിൽ പങ്കെടുത്ത 88 ശതമാനം ആളുകളും മോദിയാണ് പ്രമുഖ നേതാവെന്ന് പറയുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത് – 58 ശതമാനം. പട്ടികയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്നാം സ്ഥാനത്തും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നാലാം സ്ഥാനത്തുമാണ്. 57, 39 എന്നിങ്ങനെയാണ് ഇരുവർക്കും ലഭിച്ച ശതമാന കണക്ക്. 2017 ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെയായിരുന്നു സർവേ.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ജനങ്ങൾ സംതൃപ്തരാണെന്ന് പത്തിൽ എട്ടുപേരും അഭിപ്രായപ്പെടുന്നു. 2014ലെ തിരഞ്ഞെടുപ്പിനുശേഷം സമ്പദ് വ്യവസ്ഥ മികച്ച രീതിയിൽ പോകുന്നുവെന്ന് 19 ശതമാനം പേർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇതിൽ വലിയ വർധനയുണ്ടായിട്ടുണ്ട് – 30 ശതമാനം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവയും പടിഞ്ഞാറൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവയും മോദിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2015നു ശേഷവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മോദിയുടെ ജനസമ്മതിയിൽ കുറവുവന്നിട്ടില്ല. ദക്ഷിണ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഇതു കൂടുകയും പൂർവ സംസ്ഥാനങ്ങളിൽ കുറയുകയുമാണെന്നും സർവെ വ്യക്തമാക്കുന്നു.

അതേസമയം, യുഎസിനോടുള്ള ഇന്ത്യക്കാരുടെ താൽപര്യത്തിൽ വൻ ഇടിവാണുണ്ടായിട്ടുള്ളത്. 2015ൽ 70 ശതമാനമായിരുന്നത് 2017 ആയപ്പോഴേക്കും 49 ശതമാനമായി കുറഞ്ഞു. ഡോണൾഡ് ട്രംപിന്റെ നടപടികൾ ശരിയാണെന്ന് 40 ശതമാനം പേർക്കു മാത്രമാണ് ഉറപ്പുള്ളത്. ബറാക് ഒബാമയിൽ ഉണ്ടായിരുന്ന വിശ്വാസത്തിന്റെ 34 ശതമാനം കുറവാണിത്. ചൈനയുടെ കാര്യത്തിലും ഇതേ നിലപാടിലാണ് ഇന്ത്യൻ ജനത. 2015ൽ 41 ശതമാനം പേർ വിശ്വാസം അർപ്പിച്ചിരുന്നെങ്കിൽ ഇന്നത് 26 ശതമാനമായി കുറഞ്ഞു.

ജാതീയത വലിയ പ്രശ്നമായി കണക്കാക്കുന്നത് വളരെ ചുരക്കം പേരാണെന്നും സർവേയിൽ പറയുന്നു. നോട്ട് അസാധുവാക്കൽ പ്രധാന പ്രശ്നമായി കണക്കാക്കുന്നത് പകുതിയിൽ താഴെപ്പേരാണെന്നും സർവേ കണ്ടെത്തിയിട്ടുണ്ട്.

related stories