Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിക്കായി ആരാധകർ സ്വരൂപിച്ച 30 കോടി രൂപ തിരിച്ചു നൽകും: കമൽ ഹാസൻ

Kamal Hassan

ന്യൂഡൽഹി∙ പാർട്ടിക്കായി ലഭിച്ച സംഭാവനകൾ തിരിച്ചുനൽകുമെന്ന് തെന്നിന്ത്യൻ താരം കമൽ ഹാസൻ. തന്റെ ആരാധകർ 30 കോടിയോളം രൂപ സംഭാവനയായി സ്വരൂപിച്ചിട്ടുണ്ടെന്നാണു കമലിന്റെ അവകാശവാദം. ആവശ്യത്തിലിരിക്കുന്നവർക്കുവേണ്ടിയാണ് ഇവ തിരിച്ചുനൽകുന്നത്. ഇതിനർഥം താൻ പാർട്ടി രൂപീകരിക്കുന്നില്ലെന്നല്ല, താൻ പണം സ്വീകരിക്കില്ലെന്നുമല്ല, ആദ്യം പാർട്ടിക്കു പേരിടണം, രൂപീകരിക്കണം – ദേശീയ മാധ്യമത്തോടു കമൽ വ്യക്തമാക്കി.

ഹിന്ദു തീവ്രവാദം എന്ന തന്റെ വിവാദ പരാമർശത്തിൽ കമൽ വ്യക്തത വരുത്തുകയും ചെയ്തു. മൊഴിമാറ്റിയപ്പോൾ താൻ പറഞ്ഞതിന്റെ യഥാർഥ അർഥത്തിലല്ല അവ വന്നതെന്നാണ് കമലിന്റെ അഭിപ്രായം. വെല്ലുവിളി നേരിടുമ്പോൾ നിലവിലെ വലതുപക്ഷം ചർച്ചയ്ക്കു പകരം അക്രമത്തിലേക്കാണു പോകുന്നത്. മാത്രമല്ല, താനൊരു ഹൈന്ദവ കുടുംബത്തിൽനിന്നാണ് വരുന്നതെന്നും കമൽ വ്യക്തമാക്കി.

ഇന്ത്യയിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും അതിനാൽ മറ്റുള്ളവരെ അംഗീകരിക്കാൻ അവർ തയാറാകണമെന്നും കമൽ പറഞ്ഞു. തമിഴ് മാസിക അനന്ത വികേദനിലെഴുതിയ പംക്തിയിലായിരുന്നു കമൽഹാസന്റെ പരാമർശം. ഭൂരിപക്ഷമായ ഹിന്ദുക്കൾക്ക് ഒരു മുതിർന്ന സഹോദരന്റെ കടമയാണുള്ളത്. തങ്ങൾ വലിയവരാണെന്ന് അവകാശപ്പെടുന്ന അവരുടെ ഹൃദയങ്ങളും വലുതായിരിക്കണം. മറ്റുള്ളവരെ അംഗീകരിക്കണം. അവർ എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാൽ തിരുത്തി കൊടുക്കണം. പക്ഷേ, ഒരാളെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണുള്ളത്. കോടതികളെ അതു ചെയ്യാൻ അനുവദിക്കണമെന്നും കമൽ ഹാസൻ കുറിച്ചു.

തന്നെ കോടതിയിലേക്കു വലിച്ചിഴയ്ക്കുന്നതിൽ പരാതികളില്ല. സാധാരണക്കാരുടെ മാർഗത്തിലാണു താൻ സഞ്ചരിക്കുന്നത്. വിമർശനങ്ങൾ ഉണ്ടെങ്കിലും രാജ്യത്തെ നികുതികൾ അടയ്ക്കാൻ ജനം തയാറാകണം. സാധാരണക്കാര്‍ക്കായി പുറത്തിറക്കിയ മൊബൈൽ ആപ്പിൽ മാത്രം വിശ്വസിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങില്ല. കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും കമൽ വ്യക്തമാക്കി.

ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്നു കമൽ ഹാസൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ യുപിയിലും ചെന്നൈയിലും അദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. ഹിന്ദു തീവ്രവാദം ഇന്നു യാഥാർഥ്യമാണ്. നേരത്തേ ഹിന്ദു ഗ്രൂപ്പുകൾ നേരിട്ട് അക്രമത്തിൽ പങ്കെടുക്കാറില്ലായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ എതിരാളികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു പതിവ്. ആ തന്ത്രം പരാജയപ്പെട്ടതോടെ അവർ സംവാദം മാറ്റിവച്ചു കൈക്കരുത്ത് ഉപയോഗിച്ചു തുടങ്ങി. ഹിന്ദു തീവ്രവാദിയെ കാണിച്ചുതരാൻ കഴിയുമോയെന്ന് ഇപ്പോൾ വെല്ലുവിളിക്കാനാവില്ല. തീവ്രവാദം ആഴത്തിൽ വേരോടിയിട്ടുണ്ട്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്കുള്ള മാറ്റം എല്ലാവരെയും സംസ്കാരമില്ലാത്തവരാക്കുമെന്നുമായിരുന്നു കമൽഹാസന്റെ പരാമർശം.