Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നലാക്രമണവുമായി ഇറാഖി സൈന്യം; അവസാന ഐഎസ് താവളവും പിടിച്ചു

Iraqi forces

റാവ∙ ഭീകരസംഘടനയ്ക്കു കനത്ത തിരിച്ചടിയായി ഇറാഖിൽ നിയന്ത്രണത്തിലാക്കി വച്ചിരുന്ന അവസാന നഗരത്തിൽ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റിനെ(ഐഎസ്) സൈന്യം തുരത്തി. സിറിയൻ അതിര്‍ത്തിയോടു ചേർന്നുള്ള റാവയിൽ നിന്നാണ് മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം ഐഎസിനെ തകർത്തത്. റാവ പൂർണമായും തിരിച്ചു പിടിച്ച സൈന്യം സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്തി. ഇതോടെ ഇറാഖ് പൂർണമായും ഐഎസിന്റെ പിടിയിൽ നിന്ന് മോചിതമായെന്ന് സേനാവക്താവ് ലഫ്. ജനറൽ അബ്ദുൽ അമീർ റഷീദ് അറിയിച്ചു.

2014ലാണ് ഇറാഖിലെയും സിറിയയിലെയും പ്രധാന നഗരങ്ങൾ ഉൾപ്പെടെ ഐഎസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഇറാഖ്–സിറിയ അതിർത്തിയിലെ 95% പ്രദേശങ്ങളും പിടിച്ചെടുത്തെന്നായിരുന്നു ഐഎസ് അവകാശവാദം. തുടർന്നു നടന്ന പോരാട്ടത്തിനൊടുവിലാണ് സൈന്യത്തിന്റെ ഇപ്പോഴത്തെ വിജയം.

യുഫ്രട്ടിസ് നദിയോടു ചേർന്നുള്ള റാവ നഗരത്തിന്റെ ചില ഭാഗങ്ങൾ ഐഎസിന്റെ പിടിയിലാണെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവിടങ്ങളിലാണ് 17ന് അതിരാവിലെ മുതൽ സൈന്യം മിന്നലാക്രമണം നടത്തിയത്. റാവ നിവാസികൾക്ക് ഒരാഴ്ചയായി റേഡിയോയിലൂടെ സൈന്യം നിർദേശങ്ങൾ നൽകുന്നുമുണ്ടായിരുന്നു. സൈന്യം പ്രവേശിക്കുമ്പോൾ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ചായിരുന്നു നിർദേശങ്ങൾ.

റാവയിൽ നിന്ന് അതിർത്തിയിലെ മരുഭൂമിയിലേക്കു പലായനം ചെയ്ത ഐഎസ് ഭീകരരെ പിന്തുടരുകയാണിപ്പോൾ സൈന്യം. സിറിയ–ഇറാഖ് അതിർത്തിയിൽ കാവൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിറിയയിൽ ഐഎസിന്റെ അവസാന താവളമായ അൽബു കമലിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത പോരാട്ടം നടക്കുകയാണ്. അൽബു കമൽ സൈന്യം പിടിച്ചെടുത്തെങ്കിലും തുരങ്കങ്ങളിൽ ഒളിച്ചിരുന്ന ഐഎസ് ഭീകരർ തിരിച്ചടിച്ചതോടെ സൈനികർ പിന്തിരിയുകയായിരുന്നു.

ബ്രിട്ടണോളം പോന്ന പ്രദേശങ്ങൾ ഇറാഖിലും സിറിയയിലുമായി ഐഎസിന്റെ കീഴിലുണ്ടെന്നായിരുന്നു നേരത്തേ ഭീകരസംഘടനയുടെ അവകാശവാദം. എന്നാൽ സിറിയയിലെ റാഖയും ഇറാഖിലെ മൊസൂളും ഉൾപ്പെടെ ഐഎസിന്റെ ശക്തികേന്ദ്രങ്ങളെല്ലാം തിരിച്ചുപിടിച്ചു. 75 ലക്ഷത്തോളം ജനങ്ങളെ ഐഎസിൽ നിന്നു മോചിപ്പിച്ചു. ഭീകരർക്കുള്ള സാമ്പത്തിക സഹായവും വൻതോതിൽ കുറഞ്ഞു.

ഐഎസിലേക്കുള്ള വിദേശ റിക്രൂട്മെന്റും രാജ്യാന്തരതലത്തിലെ ഇടപെടലിൽ ഫലപ്രദമായി നിയന്ത്രിക്കാനായിട്ടുണ്ട്. സിറിയയിലേക്കെത്തുന്ന ഒട്ടേറെ വിദേശികളെയും തടഞ്ഞ് തിരികെ അയച്ചു. അതേസമയം ഐഎസിൽ നിന്നു തിരികെ പിടിച്ച ചിലയിടങ്ങളിൽ ഇപ്പോഴും സർക്കാർ നിയന്ത്രണം ദുർബലമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇവിടങ്ങളിൽ ചെറിയ തോതിൽ ഭീകരാക്രമണങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ബഗ്ദാദിനോടു ചേർന്നുള്ള പ്രദേശങ്ങളാണ് ഇവയിലേറെയും.