Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോളടിക്കാൻ മറന്ന് ബ്ലാസ്റ്റേഴ്സ്, കൊൽക്കത്ത; ഐഎസ്എല്ലിന് സമനിലത്തുടക്കം

ISL 2017 ഐഎസ്എല്‍ മത്സരത്തില്‍ എടികെയ്ക്കെതിരെ കേരള ബ്ലാസ്റ്റേസിന്റെ സി.കെ. വിനീതിന്റെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന കീഗന്‍. ചിത്രം: റോബർട് വിനോദ്

കൊച്ചി ∙ ഉദ്ഘാടനച്ചടങ്ങിലെ സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും നൃത്തച്ചുവടുകൾ കൂടിയില്ലായിരുന്നെങ്കിൽ ഐഎസ്എൽ ഉദ്ഘാടന മത്സരം കാണാൻ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയ ഈ ആരാധകർ എന്തുമാത്രം നിരാശരായേനെ! കാൽപ്പന്തുത്സവത്തിന്റെ പുതിയ പതിപ്പിന് ആവേശത്തുടക്കം പ്രതീക്ഷിച്ചെത്തിയ ആരാധകക്കൂട്ടത്തെ നിരാശരാക്കി ഉദ്ഘാടന മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും അമർ തൊമർ (എടി) കൊൽക്കത്തയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മത്സരം സമനിലയിലായി എന്നതിനേക്കാൾ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനമാണ് കാണികളെ നിരാശരാക്കിയത്. ഉജ്വലം എന്നു വിശേഷിപ്പിക്കാവുന്ന ഒരു മൽസരക്കാഴ്ച പോലും അവശേഷിപ്പിക്കാതെയാണ് മത്സരത്തിന് അവസാന വിസിലുയർന്നത്. 

ISL 2017 ഐഎസ്എല്‍ ഉദ്ഘാടനമത്സരത്തില്‍ എടികെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇയാന്‍ ഹ്യൂമിന്റെ ഗോള്‍ ശ്രമം. ചിത്രം: റോബർട് വിനോദ്
ISL 2017 എടികെയ്ക്കെതിരെ കേരള ബ്ലാസ്റ്റേസിന്റെ ബെര്‍ബറ്റോവിന്റെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന ഗോളി ദിബിജത്ത് മജുംമദര്‍. ചിത്രം: റോബർട് വിനോദ്
ISL 2017 കൊച്ചിയില്‍ ഐഎസ്എല്‍ ഉദ്ഘാടനമത്സരത്തില്‍ എടികെയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോളി ദിബിജിത്തിനെ കടന്നു പോകുന്ന പന്ത്. ചിത്രം: റോബർട് വിനോദ്
isl-sachin ഐഎസ്എൽ 2017 ഉദ്ഘാടന ചടങ്ങിനിടെ സന്ദേശ് ജിങ്കാന്‍, സച്ചിൻ തെൻഡുൽക്കർ, മമ്മൂട്ടി എന്നിവർ. ചിത്രം: ടോണി ഡൊമിനിക്

ആദ്യ പകുതിയിൽ ഗോളിനു മുന്നിൽ പോൾ റെച്ചൂബ്കയെന്ന ഇംഗ്ലിഷ് താരവും രണ്ടാം പകുതിയിൽ പോസ്റ്റും ബ്ലാസ്റ്റേഴ്സിന്റെ രക്ഷകരാകുന്നതും മൽസരത്തിൽ കണ്ടു. ബ്ലാസ്റ്റേഴ്സിന്റെ തരക്കേടില്ലാത്ത രണ്ടു ഗോൾശ്രമങ്ങൾക്കു മുന്നിൽ കൊൽക്കത്ത ഗോൾകീപ്പർ ദേബ്ജിത് മജുംദാർ വില്ലനായപ്പോൾ, കൊൽക്കത്ത മുന്നേറ്റനിരയുടെ ഫിനിഷിങ്ങിലെ പോരായ്മകളാണ് അവർക്കു തിരിച്ചടിയായത്. പന്തടക്കത്തിലും പാസിങ്ങിലും കൊൽക്കത്ത താരങ്ങൾ മേധാവിത്തം പുലർത്തിയപ്പോൾ ആദ്യപകുതിയെ അപേക്ഷിച്ച് തരക്കേടില്ലാത്ത പ്രകടനം നടത്തിയെന്ന ആശ്വാസത്തോടെയാകും ബ്ലാസ്റ്റേഴ്സ് ആരാധകർ രണ്ടാം പകുതിയിൽ കളി കണ്ടത്.

ഔദ്യോഗിക കണക്കനുസരിച്ച് 37,462 പേരാണ് കലൂർ സ്റ്റേഡിയത്തിൽ ഇന്ന് കളി കണ്ടത്. കൊച്ചിക്കു പേരുദോഷമുണ്ടാക്കിയ ഫിഫ ലോകകപ്പിലെ ‘മോശം പ്രകടന’ത്തിനുശേഷമാണ് ഐഎസ്എൽ വന്നതോടെ സ്റ്റേഡിയത്തിലേക്ക് കാണികൾ ഇരച്ചെത്തിയത്. മത്സരം സമനിലയായതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. ഇനി 24ന് കൊച്ചിയിൽ സാക്ഷാൽ സ്റ്റീവ് കൊപ്പലിന്റെ ജംഷഡ്പുർ എഫ്സിക്കെതിരായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.

കാണികൾ ‘ഉറങ്ങിയ’ ആദ്യപകുതി

ദിമിറ്റർ ബെർബറ്റോവിനെ മുന്നേറാൻ വിട്ട് 4–3–2–1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ ടീമിനെ വിന്യസിച്ചത്. കൊൽക്കത്ത പരിശീലകനാകട്ടെ 4–4–1–1 ശൈലിയും അവലംബിച്ചു. കളത്തിൽ കൊൽക്കത്ത താരങ്ങൾക്കായിരുന്നു മേധാവിത്തം. അവർ പന്തു കൈവശം വച്ചു കളിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതോടെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തിൽ.

മുന്നേറ്റനിരയിൽ പന്തുകിട്ടാതെ വലഞ്ഞ ദിമിറ്റർ ബെർബറ്റോവ് പിന്നീട് മധ്യനിരയിലേക്കിറങ്ങി കളിച്ച കാഴ്ച മതി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അളക്കാൻ. മധ്യനിരയിൽ കറേജ് പെകൂസൻ, മിലൻ സിങ് എന്നിവരും പ്രതിരോധനിരയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പോസ്റ്റിനു മുന്നിൽ ഇംഗ്ലിഷ് താരം ബോൾ റെച്ചൂബ്കയുടെ പ്രകടനവും ശ്രദ്ധേയമായി. കൊൽക്കത്ത താരം ഹിതേഷ് ശർമയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് വീണുകിടന്ന് തടുത്തിട്ട റെച്ചൂബ്ക തന്നെയായിരുന്നു ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ താരം.

കൊൽക്കത്തയാകട്ടെ പന്തടക്കത്തിലെ മേധാവിത്തം ഫിനിഷിങ്ങിലേക്ക് കൊണ്ടുവരാനാകാതെ വിയർക്കുന്ന കാഴ്ചയും ആദ്യപകുതിയിൽ കണ്ടു. മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും അവയിലൊന്നുപോലും കൊൽക്കത്തയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയുടെ പ്രകടനവും ബ്ലാസ്റ്റേഴ്സിനെ ഗോളിൽനിന്ന് രക്ഷിച്ചു. സെൻട്രൽ ഡിഫൻസിൽ സെർബിയൻ താരം നെമാഞ്ച പെസിച്ചിന്റെ പ്രകടനവും ശ്രദ്ധേയമായി.

ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ട രണ്ടാം പകുതി

ആദ്യപകുതിയെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനമായിരുന്നു രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റേത്. 50–ാം മിനിറ്റിൽത്തന്നെ ഗാലറിയിൽ ചലനമുണ്ടാക്കി കേരളാ ബ്ലാസ്റ്റേഴ്സ് മികച്ചൊരു മുന്നേറ്റം സംഘടിപ്പിച്ചു. സൂത്രധാരനായത് മലയാളികളുടെ സ്വന്തം വിനീത്. വലതുവിങ്ങിലൂടെ പന്തുമായി വന്ന് സി.കെ. വിനീത് തൊടുത്ത ഷോട്ടിന് ഗോൾമണമുണ്ടായിരുന്നു. പന്തു പക്ഷേ കൊൽക്കത്ത ഗോൾകീപ്പർ ദേബ്ജിത് മജുംദാർ മുഴുനീളെ ഡൈവിലൂടെ കുത്തിയകറ്റി.

റീബൗണ്ട് വലയിലാക്കാനുള്ള കറേജ് പെകൂസന്റെ ശ്രമം പിഴയ്ക്കുന്ന കാഴ്ച സങ്കടത്തോടെയാണ് കാണികൾ കണ്ടത്. 70–ാ മിനിറ്റിൽ ഗോളിനു മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി ഗോൾപോസ്റ്റും അവതരിച്ചു. ഗോൾകീപ്പർ പോൾ റെച്ചൂബ്കയേയും കീഴടക്കിയ പോർച്ചുഗൽ താരം സെക്വീഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിക്കുകയായിരുന്നു.

സമനിലക്കെട്ട് തുടർന്നതോടെ ഇരു പരിശീലകനും ടീമിൽ അഴിച്ചുപണി വരുത്തി. ബ്ലാസ്റ്റേഴ്സ് നിരയിൽ ഇയാൻ ഹ്യൂമിനു പകരം ഹോളണ്ട് താരം മാർക്കോസ് സിഫ്നിയോസും കൊൽക്കത്ത നിരയിൽ ജാസി കുക്കിക്കു പകരം ഇന്ത്യൻ താരം റോബിൻ സിങ് കളത്തിലിറങ്ങി. കളിക്കാരുടെ മാറ്റം കളത്തിലെ ടീമുകളുടെ പ്രകടനത്തിൽ നിഴലിക്കുകയും ചെ്തു. 67–ാം മിനിറ്റിൽ മധ്യവരയ്ക്കു സമീപത്തുനിന്നും നീട്ടിക്കിട്ടിയ പന്തുമായി സിഫ്നിയോസ് നടത്തിയ മുന്നേറ്റം ഗോളിലെത്താതെ പോയത് നിർഭാഗ്യം കൊണ്ടുമാത്രം. ഗോൾ മണമുള്ള നീക്കവുമായി ബോക്സിനുള്ളിൽ കടന്ന സിഫ്നിയോസിനെ തകർപ്പൻ ടാക്കിളിലൂടെ കൊൽക്കത്ത ക്യാപ്റ്റൻ ജോർഡി ഫിഗ്വറസ് തടഞ്ഞു.

80–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ രണ്ടു മാറ്റങ്ങള്‍ കൂടി വരുത്തി. സി.കെ. വിനീതിനു പകരം മറ്റൊരു മലയാളി താരം കെ.പ്രശാന്തും കറേജ് പെഗൂസനു പകരം ജാക്കിചന്ദ് സിങ്ങും കളത്തിലിറങ്ങി. ഐഎസ്എൽ അരങ്ങേറ്റം കുറിച്ച പ്രശാന്ത് വലതുവിങ്ങിൽ നടത്തിയ ചില ശ്രദ്ധേയ നീക്കങ്ങൾ ഗാലറിയുടെ കയ്യടി നേടി. താരങ്ങൾ മാറിയിട്ടും സമനിലപ്പൂട്ടു പൊളിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടതോടെ ഉദ്ഘാടനപ്പോരിന് ഗോള്‍രഹിതമായി അവസാനം.