Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകര സംഘടനയിൽ ചേർന്ന മകൻ അമ്മയുടെ സ്നേഹത്തിനു മുന്നിൽ ‘കീഴടങ്ങി’

majeed-khan മജീദ് ഖാൻ

ശ്രീനഗർ∙ ലഷ്കറെ തയിബയിൽ ചേർന്ന യുവ ഫുട്ബോൾ താരം അമ്മയുടെ സങ്കടക്കണ്ണീരിൽ മനസ്സലിഞ്ഞ് പൊലീസിനു മുന്നിൽ കീഴടങ്ങി. ഒരാഴ്ചമുൻപായിരുന്നു മജീദ് ഖാൻ (20) ഭീകരസംഘടനയായ ലഷ്കറെ തയിബയിൽ ചേർന്നത്. പിന്നാലെ, തോക്കുകളേന്തി മജീദ് നിൽക്കുന്ന ചിത്രവും പുറത്തുവന്നു. വാർത്ത അറിഞ്ഞ മാതാവു കരഞ്ഞുകൊണ്ടു മകനോടു തിരിച്ചുവരാൻ അഭ്യർഥിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലായതിനെത്തുടർന്നു നിരവധിപ്പേർ മജീദിനോടു തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. അമ്മയുടെ സങ്കടക്കണ്ണീരിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഏകമകനായ മജീദിനു കഴിഞ്ഞില്ല. മടങ്ങിയെത്തി, പൊലീസിനു മുന്നിൽ കീഴടങ്ങി.

‘ഞാനവനുവേണ്ടി കാത്തിരിക്കുകയാണ്, അവൻ തിരിച്ചെത്തണം. വീണ്ടും ഫുട്ബോൾ കളിക്കണം’ – മജീദിന്റെ അമ്മ ആയിഷ ബീഗം (50) കരഞ്ഞു നിലവിളിച്ചുകൊണ്ട് വിഡിയോയിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണു മജീദിനെ കാണാതായത്.

അതിനിടെ, കുൽഗാമിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അകപ്പെട്ട ഭീകരരിൽ മകനുമുണ്ടെന്ന വാർത്തയെത്തുടർന്നു മജീദിന്റെ പിതാവ് ഇർഷാദ് അഹമ്മദ് ഖാന് (59) ഹൃദയാഘാതം വന്നിരുന്നു. എന്നാൽ മറ്റു മൂന്നു തീവ്രവാദികളായിരുന്നു അതിൽ ഉൾപ്പെട്ടിരുന്നതെന്ന് പിന്നീട് വ്യക്തമായി.

സ്കൂൾതലം മുതൽ മജീദ് ഫുട്ബോൾ കളിക്കാരനാണ്. വീട്ടിലെ ഒരു ഷെൽഫ് നിറയെ മജീദിനു ലഭിച്ച പുരസ്കാരങ്ങളാണ്. തെക്കന്‍ കശ്മീരിലെ അനന്ദ്നാഗിലെ പ്രാദേശിക ഫുട്ബോൾ ടീമിലെ ഗോളി കൂടിയാണ് മജീദ്.