Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനഘടകങ്ങളില്ല, കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തുന്നു

KSRTC Bus Stand

തിരുവനന്തപുരം ∙ അറ്റകുറ്റപ്പണികൾക്ക് വാഹനഘടകങ്ങൾ ലഭിക്കാതായതോടെ കെഎസ്ആർടിസിയുടെയും കെയുആർടിസിയുടേയും 1,132 ബസുകൾ സർവീസ് നിർത്തി. ആകെയുള്ള 5,627 കെഎസ്ആർടിസി ബസുകളിൽ ഒക്ടോബറിൽ നിരത്തിലിറങ്ങിയത് 4,782 എണ്ണം മാത്രം. അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുന്നത് 845 ബസ്.

കെയുആർടിസിയുടെ ആകെയുള്ള 715 ബസുകളിൽ കഴിഞ്ഞദിവസം നിരത്തിലിറങ്ങിയത് 428 എണ്ണം. അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുന്നത് 287 ബസുകൾ. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വാഹനഘടകങ്ങൾ വാങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്.

പുതുതായി 100 ബസുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. ബസുകൾക്ക് ക്ഷാമം നേരിടുന്നതോടെ പല ഡിപ്പോകളിലും സർവീസുകൾ വെട്ടിച്ചുരുക്കുകയാണ്. ഈ വർഷം ഏപ്രിലിൽ 4,551 കെഎസ്ആർടിസി ബസുകളാണ് നിരത്തിലിറങ്ങിയത്. മേയ്– 4563, ജൂൺ – 4666, ജൂലൈ – 4668, ഓഗസ്റ്റ് – 4859, സെപ്റ്റംബർ – 4783, ഒക്ടോബർ – 4755 എന്നിങ്ങനെയാണ് നിരത്തിലിറങ്ങിയ ബസുകളുടെ എണ്ണം.

ബസുകൾ സർവീസ് നടത്തുന്നത് കുറഞ്ഞതോടെ വരുമാനത്തിലും കുറവ് വന്നിട്ടുണ്ട്. 4.69 കോടി രൂപയായിരുന്നു ബുധനാഴ്ചത്തെ കലക്‌ഷൻ. കഴിഞ്ഞ ബുധനാഴ്ച 5.29 കോടി രൂപയായിരുന്നു. ഒരാഴ്ചകൊണ്ട് കുറഞ്ഞത് 50 ലക്ഷത്തോളം രൂപ. കഴിഞ്ഞ വർഷം നവംബർ 15 ലെ കല‌ക്‌ഷൻ 5.9 കോടി രൂപയായിരുന്നു.

വാഹനഘടകങ്ങൾ കിട്ടാത്തതിനാൽ ബസുകൾ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത സാഹചര്യമാണെന്നു മെക്കാനിക്കൽ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെ ആ റൂട്ടിലേക്ക് കൂടുതൽ ബസുകൾ വിന്യസിച്ചിട്ടുണ്ട്. പകരം ബസുകൾ ഏർപ്പെടുത്താത്തത് പല ഡിപ്പോകളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

‘പ്രാദേശികമായി വാഹനഘടകങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഉണ്ട്. എന്നാൽ, ഒരുമിച്ച് ഘടകങ്ങൾ വാങ്ങാനും അധികൃതർ തയാറാകുന്നില്ല. ഇതോടെയാണ് പ്രതിസന്ധിയുണ്ടായത്’– മെക്കാനിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ബസുകൾ കുറവാണെന്ന് ഓപ്പറേഷൻ വിഭാഗവും സമ്മതിക്കുന്നു. ‘കൂടുതൽ ബസുകൾ നിരത്തിലിറക്കിയാൽ മാത്രമേ വരുമാനം വർധിപ്പിക്കാൻ കഴിയൂ’–അധികൃതർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ശബരിമല സീസണിൽ അഞ്ഞൂറോളം പുതിയ ബസുകളാണ് സർവീസിനായി വിനിയോഗിച്ചത്. സീസൺ ആരംഭിച്ചിട്ടും പുതിയ ബസുകളെത്താത്തത് തിരിച്ചടിയാണ്. 266 താൽക്കാലിക മെക്കാനിക്കുകളെയാണ് പിരിച്ചുവിട്ടത്. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല– യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലേക്ക് സർവീസ് നടത്താനായി രണ്ടു വർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾ വിട്ടുനൽകണമെന്ന് ഡിപ്പോകളോട് സിഎംഡി ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ്ആർടിസിയുടെ മാസവരുമാനം 170 കോടി രൂപയാണ്. ചെലവ് 323 കോടി. പെൻഷനായി മാത്രം 60 കോടി രൂപയാണ് പ്രതിമാസം വേണ്ടത്. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഈ മാസവും പെൻഷൻ, ശമ്പള വിതരണത്തിൽ കാലതാമസമുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

related stories