Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുധശേഷി കൂട്ടി കിം ജോങ്; ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഒരുങ്ങുന്നു

Kim Jong Un

സോൾ∙ ആണവ, മിസൈൽ പരീക്ഷണങ്ങൾക്കു പിന്നാലെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി നിർമാണവുമായി ഉത്തര കൊറിയ. ഉത്തരകൊറിയയുടെ നാവികസേനാ തുറമുഖത്ത് അന്തർവാഹിനി നിർമാണം അതിവേഗം നടക്കുന്നതായി യുഎസ് ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ടു ചെയ്തത്.

നവംബർ അ‍ഞ്ചിനെടുത്ത നിർമാണ പ്രവർത്തനങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ സഹിതമാണു റിപ്പോർട്ട്. സിൻപോ–സി ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിയാകാം നിർമിക്കുന്നതെന്ന് 38 നോർത്ത് റിപ്പോർട്ടിൽ പറയുന്നു. അന്തർവാഹിനിയുടെ ഭാഗങ്ങളും ഘടകങ്ങളും തുറമുഖത്തിനു മധ്യഭാഗത്തായുള്ള നിർമാണ ഹാളിനകത്തേക്കും പുറത്തേക്കും നിരന്തരം കൊണ്ടുപോയിട്ടുണ്ട്.

നവംബർ അഞ്ചിലെ ചിത്രത്തിൽ വൃത്താകൃതിയിലുള്ള രണ്ട് വലിയ വസ്തുക്കളാണുള്ളത്. അന്തർവാഹിനിയുടെ പ്രധാന ഭാഗമാണിതെന്നു കരുതുന്നു. ഉത്തരകൊറിയയുടെ റോമിയോ ക്ലാസ് അന്തർവാഹിനിയിൽ ഉള്ളതിനേക്കാളും വലുതാണിവ. അന്തർവാഹിനിയിൽ‌നിന്നു മിസൈല്‍ തൊടുക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്ന സ്റ്റാൻഡിന്റെ ചിത്രങ്ങളും ഇതിലുണ്ട്. എന്നാൽ അന്തർവാഹിനിയിൽനിന്നു മിസൈൽ തൊടുക്കുന്ന പരീക്ഷണത്തിനുള്ള തയാറെടുപ്പുകളൊന്നും നടക്കുന്നതായി കണ്ടിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

യുഎസിൽ എത്തുന്ന തരത്തിൽ ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈൽ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഉത്തര കൊറിയ. ഇതിനെതിരെ രാജ്യാന്തര തലത്തിൽതന്നെ വലിയ വിമർശനങ്ങളാണുയരുന്നത്. പുതിയ ഡീസൽ– വൈദ്യുത അന്തർവാഹിനിയുടെ പണിപ്പുരയിലാണ് ഉത്തര കൊറിയയെന്ന് മുൻപു യുഎസ് റിപ്പോർട്ടു ചെയ്തിരുന്നു. ഈ വർഷം ഒട്ടേറെ മിസൈൽ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്.

ഇവയിൽ ഏറ്റവും വലുത് സെപ്റ്റംബർ മൂന്നിന് നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണമാണ്. സെപ്റ്റംബർ 15ന് ജപ്പാനു സമീപം നടത്തിയ പരീക്ഷണ വിക്ഷേപണത്തിനുശേഷം കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ശാന്തമായിരുന്നു. അതേസമയം, ഒക്ടോബർ 15നും 21നുമിടയ്ക്ക് പുതിയ സോളിഡ് ഫ്യുവൽ എൻജിന്റെ പരീക്ഷണം നടന്നതായി യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് നയതന്ത്രജ്ഞൻ പറഞ്ഞിരുന്നു. ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.