Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോയസ് ഗാർഡനിലെ റെയ്ഡിനു പിന്നിൽ ചതിയും രാഷ്ട്രീയപ്പകയും: ദിനകരൻ

TTV Dinakaran

ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വീട്ടിൽ നടത്തിയ റെയ്ഡിനെ ചതിയും രാഷ്ട്രീയ കുടിപ്പകയുമെന്നു വിശേഷിപ്പിച്ചു ടി.ടി.വി. ദിനകരൻ രംഗത്ത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവും ആണ് രാഷ്ട്രീയപ്പകയുടെ പിന്നിൽ. അമ്മ ജീവിച്ചിരുന്ന സ്ഥലമാണത്. ക്ഷേത്രത്തെപ്പോലെയാണ് ഇവിടമെന്നും അമ്മയുടെ ആത്മാവിനെ പനീർസെൽവവും പളനിസ്വാമിയും ചതിച്ചെന്നും ദിനകരൻ ആരോപിച്ചു.

വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു വേദനിലയത്തിൽ റെയ്ഡ് തുടങ്ങിയത്. പുലർച്ചെവരെ തുടർന്ന റെയ്ഡിൽ പെൻഡ്രൈവുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. റെയ്ഡിനെതിരെ മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച നൂറുകണക്കിനു ശശികല അനുകൂലികളെ അറസ്റ്റ് ചെയ്തു നീക്കി. പോയസ് ഗാർഡനിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഒപിഎസും. ഇപിഎസും ജനങ്ങളോടു മറുപടി പറയേണ്ടി വരുമെന്നു ദിനകരൻ പറഞ്ഞു.

ആദായനികുതി വകുപ്പിനെ ഉപയോഗിച്ചു ഞങ്ങളുടെ കുടുംബത്തെ തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെയും ശ്രമം. സ്വന്തം പദവി സംരക്ഷിക്കാൻ ഒപിഎസും ഇപിഎസും ഏതറ്റംവരെയും പോകുമെന്നും ദിനകരൻ കൂട്ടിച്ചേർത്തു. ജയലളിത ആശുപത്രിയിൽ കിടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും സന്ദർശിച്ചിരുന്നില്ല. ഇപ്പോൾ അദ്ദേഹം കരുണാനിധിയെ സന്ദർശിച്ചു. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഞങ്ങളെ വേദനിപ്പിച്ചെന്ന് ജയ ടിവി മാനേജിങ് എഡിറ്ററും ശശികലയുടെ ബന്ധുവുമായ വിവേക് ജയരാമന്‍ പറഞ്ഞു. അമ്മയുടെ മുറി റെയ്ഡ് ചെയ്യാൻ അവരെ ഞങ്ങൾ അനുവദിച്ചില്ല. രാഷ്ട്രീയ കുടിപ്പകയുടെ ഭാഗമാണോയെന്ന ചോദ്യത്തിനു തനിക്ക് ഉത്തരമില്ലെന്നും വിവേക് ജയരാമൻ കൂട്ടിച്ചേർത്തു.

അതേസമയം, മൂന്നുമുറികള്‍ മാത്രമേ റെയ്ഡ് ചെയ്തുള്ളുവെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ രണ്ടെണ്ണം ശശികലയുടെയും മറ്റൊരെണ്ണം ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പൂങ്കുണ്ട്രന്‍റെയും മുറികളാണ്. പൂങ്കുണ്ട്രനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. തമിഴ്നാട്ടില്‍ ശശികല കുടുംബത്തിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

ജയലളിതയുടെ സഹോദര പുത്രി ദീപ, ദിനകരന്‍റെ അഭിഭാഷകന്‍ സെന്തൂര്‍ പാണ്ഡ്യന്‍ അടക്കമുള്ളവര്‍ രാത്രിതന്നെ പോയസ് ഗാര്‍ഡനിലെത്തിയിരുന്നു.