Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐയിൽ അഭിപ്രായ ഭിന്നത: ഇസ്മയിൽ ജാഗ്രത കാട്ടിയില്ലെന്ന് നേതൃത്വം

KE Ismail, Prakash Babu കെ.ഇ. ഇസ്മയിൽ, പ്രകാശ് ബാബു

തിരുവനന്തപുരം∙ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെ തള്ളിപ്പറഞ്ഞ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലിനെതിരെ പാർട്ടി സംസ്ഥാന ഘടകം. പ്രതികരിക്കുമ്പോൾ ഇസ്മയിൽ ജാഗ്രത കാട്ടിയില്ലെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയിൽ അഭിപ്രായ ഭിന്നതയില്ല. പാർട്ടി തീരുമാനം കൈക്കൊണ്ട യോഗത്തിൽ ഇസ്മയിൽ പങ്കെടുത്തിരുന്നില്ല. ആ യോഗത്തിൽ തോമസ് ചാണ്ടി വിഷയത്തിൽ വ്യക്തമായ നിർദേശം എടുത്തിരുന്നു. അതു പരസ്യമാക്കേണ്ടെന്നുമായിരുന്നു തീരുമാനം. അതിനാൽ ഇസ്മയിൽ തീരുമാനം അറിഞ്ഞിരിക്കില്ല. ഇതാവാം പ്രതികരണത്തിനു പിന്നിലെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

ദേശീയ എക്സിക്യൂട്ടീവ് അംഗം എന്തെങ്കിലും പറഞ്ഞതു കൊണ്ടു പാർട്ടിയുടെ ശോഭ കെടില്ല. സംസ്ഥാന എക്സിക്യൂട്ടിവ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. എല്ലാ കാര്യങ്ങളും ദേശീയ എക്സിക്യൂട്ടീവ് അംഗത്തോടു ചർച്ച ചെയ്യേണ്ട കാര്യമില്ല. സംസ്ഥാനത്തെ കാര്യം സംസ്ഥാന എക്സിക്യൂട്ടീവ് ആണ് തീരുമാനിക്കുന്നത്. തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം പാർട്ടി സെക്രട്ടറിക്കുണ്ട്. 22നു ചേരുന്ന എക്സിക്യൂട്ടിവ് യോഗം പരസ്യ പ്രതികരണം പരിശോധിക്കും. ഇസ്മയിലിന്റേതു നാക്കുപിഴയാണെന്നു കരുതുന്നതായി പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

കെ.ഇ ഇസ്മയില്‍ പറഞ്ഞത്

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യും. തന്നോട് പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല.