Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജി: സൗരാഷ്ട്രയെ 309 റൺസിനു തകർത്ത് കേരളം: നോക്കൗട്ട് പ്രതീക്ഷ

Ranji Trophy രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം– സൗരാഷ്ട്ര മൽസരത്തിൽനിന്ന്

തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ നിർണായക മൽസരത്തിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 309 റൺസിന്റെ തകർപ്പൻ ജയം. 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 95നു പുറത്തായി. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ്. സ്കോർ: കേരളം 225, 6ന് 411 ഡിക്ലയേർഡ്. സൗരാഷ്ട്ര: 232, 95. ജയത്തോടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ കേരളം സജീവമാക്കി. അഞ്ചുകളികളിൽനിന്ന് നാലു വിജയം ഉൾപ്പെടെ കേരളത്തിന് 24 പോയിന്റായി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനം. ഹരിയാനക്കെതിരായ അവസാനത്തെ കളി കൂടി ജയിച്ചാൽ കേരളത്തിനു നോക്കൗട്ടിലെത്താം.

സൗരാഷ്ട്രയുടെ ബാറ്റിങ് പ്രതീക്ഷയായിരുന്ന ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്ക്ക്ു 12 റൺസ് മാത്രമെടുത്ത് പുറത്തായി. കേരളത്തിനു വേണ്ടി ജലജ് സക്സേന നാലും കെ.സി. അക്ഷയ്, സിജോമോൻ ജോസഫ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതവും വീഴ്ത്തി.

നേരത്തെ തുടർച്ചയായ മൂന്നാം മൽസരത്തിലും സെഞ്ചുറി നേടിയ സഞ്ജു സാംസന്റെ (175) ബാറ്റിങ് കരുത്തിലാണ് 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം കേരളമുയർത്തിയത്. നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാൻ വിജയം അനിവാര്യമായതിനാൽ രണ്ടാം ഇന്നിങ്സിൽ രണ്ടും കൽപിച്ചാണ് കേരളം ബാറ്റിങ്ങിനിറങ്ങിയത്. പരമാവധി വേഗത്തിൽ സുരക്ഷിതമായ ലീഡ് നേടി സൗരാഷ്ട്രയെ ബാറ്റിങ്ങിനയയ്ക്കുകയെന്നതായിരുന്നു കേരളത്തിന്റെ ലക്ഷ്യം. ഒരു വിക്കറ്റിന് 69 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി ജലജ് സക്സേനയും റോഹൻ പ്രേമും 44 റൺസ് വീതം നേടി.

നാലാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സൗരാഷ്ട്രയുടെ ബോളർമാരെ ശ്വാസംവിടാൻ പോലും സമ്മതിച്ചില്ല. ഏകദിന ശൈലിയിൽ ബാറ്റുവീശിയ സഞ്ജു 41 പന്തിൽ അർധസെഞ്ചുറി കുറിച്ചു. 121 പന്തിലാണ് സഞ്ജുവിന്റെ ഹാട്രിക് സെ‍ഞ്ചുറി പിറന്നത്. ഇരട്ട സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന സഞ്ജു അതിവേഗം സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സ്പിന്നർ ഡി.എ.ജഡേജയുടെ പന്തിലാണു പുറത്തായത്.

കെ.ബി.അരുൺ കാർത്തിക്കും (81) സൽമാൻ നിസാറും (21 പന്തിൽ 34) മികച്ച സ്കോർ കണ്ടെത്തിയതോടെ കേരളം ആറു വിക്കറ്റിന് 411 എന്ന സ്കോറിൽ ഇന്നിങ്സ് അവസാനിപ്പിച്ചു.