Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് സൈന്യത്തിൽ ലൈംഗിക പീഡനം ഇരുപതിനായിരത്തിലേറെ‌: റിപ്പോർട്ട്

US Soldiers

വാഷിങ്ടൻ∙ രാഷ്ട്രീയ– മാധ്യമ– ചലച്ചിത്ര– ബിസിനസ് മേഖലകളിൽ നിന്നുള്ള ലൈംഗികാരോപണങ്ങളുടെ കുത്തൊഴുക്കിനിടെ യുഎസിൽ സായുധ സേനയുടെയും ഞെട്ടിക്കുന്ന റിപ്പോർട്ട്. യുഎസ് സായുധനസേനയില്‍ ഇക്കഴിഞ്ഞ നാലു വർഷത്തിനിടെ റിപ്പോർട്ടു ചെയ്തത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡന ആരോപണങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ച അമേരിക്കൻ സേനാംഗങ്ങളെ ഉൾപ്പെടുത്തിയാണു റിപ്പോർട്ട്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനികർക്കിടയിൽ നിന്നുള്ള ആരോപണവും ഇതോടൊപ്പമുണ്ട്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സെക്ഷ്വൽ അസോൾട്ട് പ്രിവൻഷൻ ആൻഡ് റെസ്പോൺസ് ഓഫിസ് ആണ് റിപ്പോർട്ട് തയാറാക്കിയത്. 2013–16 കാലഘട്ടത്തിലെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് പ്രകാരം പുറത്തുവിട്ട റിപ്പോർട്ടിൽ 2016ൽ ലൈംഗിക പീഡനാരോപണങ്ങളുടെ എണ്ണം വർധിച്ചതായും പറയുന്നു. അമേരിക്കൻ സായുധസേനയുടെ കീഴിലെ ഏറ്റവും വലിയ വിഭാഗമായ കരസേനയിൽ നിന്നാണ് ഏറ്റവുമധികം ലൈംഗിക പീഡന ആരോപണങ്ങളുണ്ടായിരിക്കുന്നത് –8294 ആരോപണങ്ങൾ. നാവികസേനയ്ക്കു കീഴെ 4788 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മറീനുകൾക്കിടയിൽ 3400ഉം വ്യോമസേനയിൽ 8876 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു.

യുഎസ് സായുധസേനയിൽ 13 ലക്ഷം സജീവാംഗങ്ങളാണുള്ളത്. സേനയിലെ എല്ലാ വിഭാഗങ്ങൾക്കിടയിൽ നിന്നുമുണ്ടാകുന്ന ലൈംഗികാരോപണ കേസുകൾ കൃത്യമായി പെന്റഗൺ രേഖപ്പെടുത്താറുണ്ട്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളെന്ന വിവരം ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് ഇത്തവണ പുറത്തുവിട്ടത്.

സേനയിൽ അംഗമായിരിക്കെ സംഭവിച്ച ലൈംഗിക പീഡനങ്ങൾ മാത്രമല്ല റിപ്പോർട്ടിലുള്ളത്. സേനയിലായിരിക്കെ റിപ്പോർട്ട് ചെയ്തവയാണ് എല്ലാ ആരോപണങ്ങളും. സൈനികാവശ്യത്തിനു നിയോഗിച്ചപ്പോഴും അവധിയിലായിരിക്കെയും സൈന്യത്തിൽ ചേരുന്നതിനു മുൻപു സംഭവിച്ചതുമായ പീഡനങ്ങളും ഇതിൽ ഉൾപ്പെടും.

മുൻവർഷത്തേക്കാളും 2016ൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത സംഭവങ്ങളുടെ എണ്ണം 6172 ആയി വർധിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർ തങ്ങൾക്കു നേരെയുണ്ടായ ലൈംഗിക പീഡനത്തെപ്പറ്റി പുറത്തുപറയുന്നതും എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.

related stories