Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ എട്ടാം പ്രതിയാക്കാൻ ധാരണ; കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

dileep

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെ എട്ടാം പ്രതിയാക്കാൻ ധാരണ. കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും. പൾസർ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയിൽ പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തിൽ ദിലീപടക്കം 11 പേരാണു പ്രതികൾ.

‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചതിനു പിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നത്. പാസ്പോർട്ട് വിട്ടു നൽകണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയിൽ എതിർക്കുന്നതിനും പൊലീസ് തീരുമാനമായിട്ടുണ്ട്. ദുബായില്‍ പോകാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

‌അതിനിടെ, അന്വേഷണ സംഘം ദിലീപിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദിവസം ചികിത്സയിലായിരുന്നെന്നു തെളിയിക്കാൻ ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യൽ. സഹോദരൻ അനൂപിന്റെയും മൊഴിയെടുത്തു. കേസുമായി മുൻപു ബന്ധപ്പെട്ട രണ്ട് അഭിഭാഷകരെയും പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചിരുന്നു.

എസ്പി സുദർശന്റെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബിൽ രണ്ടു മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തു. ദിലീപ് ചികിത്സ തേടിയെങ്കിലും ആശുപത്രിയിൽ അഡ്മിറ്റായില്ലെന്നും വീട്ടിലായിരുന്നെന്നും കണ്ടെത്തിയതാണ് ചോദ്യം ചെയ്യലിനു കാരണമായത്. മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണു പൊലീസ് നിലപാട്. എന്നാൽ, ദിലീപിന് കടുത്ത പനിയായതിനാലാണു ചികിത്സ തേടിയതെന്നു ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്.

related stories