Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകീർത്തികരമായ ലഘുലേഖാ വിതരണം; രാജസ്ഥാനിൽ വീണ്ടും വിവാദം

Love-Jihad-Pamphlet മേളയ്ക്കിടെ വിതരണം ചെയ്ത ലഘുലേഖയിലെ ചിത്രം

ജയ്പൂർ∙ ആർഎസ്എസ് അനുകൂല സംഘടന നടത്തുന്ന ആദ്ധ്യാത്മിക മേളയിൽ പങ്കെടുക്കണമെന്നു വിദ്യാർഥികൾക്കു നിർദേശം നൽകിയ രാജസ്ഥാൻ സർക്കാർ നടപടി വിവാദത്തിൽ. ഈമാസം 16 മുതൽ നടക്കുന്ന മേളയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്നു സ്കൂളുകൾക്കും കോളജുകൾക്കു സർക്കാർ നിര്‍ദേശം നൽകിയിരുന്നു. ഹിന്ദു പെൺകുട്ടികള്‍ ലൗ ജിഹാദിൽ അകപ്പെടുന്നത് തടയാൻ ഈ മേള സഹായകമാകുമെന്നാണു സർക്കാർ വിലയിരുത്തൽ.

അതേസമയം, മേളയ്ക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തെന്ന വിവരം പുറത്തുവന്നു. ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ‘ജിഹാദും ലൗ ജിഹാദും; ഹിന്ദു പെൺകുട്ടികൾ ജാഗ്രത’ എന്ന് പേരിട്ടിരിക്കുന്ന ലഘുലേഖയിൽ മുസ്‌ലിംകൾ ലൗജിഹാദ് നടത്താൻ തക്കം പാത്തിരിക്കുകയാണെന്നു പറയുന്നു. മുസ്‍‌ലിംകളെക്കുറിച്ച് വീടുകളില്‍ സംസാരിക്കുമ്പോൾ ഭീകരർ, രാജ്യദ്രോഹികൾ, പാക്ക് അനുകൂലികൾ, കള്ളക്കടത്തുകാർ എന്നിങ്ങനെ പറയണമെന്നും ലഘുലേഖയിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആയിരം വർഷങ്ങളായി ഹിന്ദുക്കളെ മതം മാറ്റുന്നതിന് മുസ്‌ലിംകൾ ലൗ ജിഹാദ് ഉപയോഗിക്കുന്നു. ആമിർ ഖാനും സെയ്ഫ് അലി ഖാനുമാണ് ഇതിന്റെ ഉദാഹരണമെന്നു പറയുന്ന ലഘുലേഖയിൽ, ഇത്തരത്തിൽപെട്ടുപോയ സ്ത്രീകൾ മറ്റുള്ളവരെ കുടുക്കാൻ ശ്രമിക്കാറുണ്ടെന്നും ആരോപിക്കുന്നു. എന്നാൽ‌ ഇത്തരത്തിലുള്ള ലഘുലേഖകൾ മേളയിൽ വിതരണം ചെയ്തിട്ടില്ലെന്ന നിലപാടിലാണ് പരിപാടി നടത്തുന്ന സംഘടന.

ലഘുലേഖയിൽ പറയുന്ന മറ്റു കാര്യങ്ങൾ ഇങ്ങനെ:

∙ സ്കൂളുകളിലെയും കോളജുകളിലെയും കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക.
∙ അവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുക.
∙ മുസ്‍ലിം യുവാക്കൾ കാണാൻ വരുന്ന പെൺകുട്ടികളെക്കുറിച്ച് വിവരം നൽകുക.
∙ ഹിന്ദുക്കളുടെ എല്ലാ പ്രധാനദിനങ്ങളും ആഘോഷമാക്കുക.

ഒരു ഹിന്ദു പെൺകുട്ടിയെ ഇസ്‍ലാമാക്കി മാറ്റുമ്പോൾ ഒരു യുവാവിനു കിട്ടുന്ന തുകയെത്രയെന്നും ലഘുലേഖയിൽ പറയുന്നുണ്ട്. അതേസമയം, സർക്കാരിന്റെ നടപടിക്കെതിരെ ശശി തരൂർ എംപി രംഗത്തെത്തി. മേളയിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആദ്ധ്യാത്മിക മേളകളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരത്തിലുള്ള ലഘുലേഖകൾ ഉപയോഗിക്കുന്നത് ശരിയായ കാര്യമല്ല. വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.