Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേയർക്കെതിരെ നടന്നത് ആർഎസ്എസിന്റെ ആസൂത്രിത ആക്രമണം: മുഖ്യമന്ത്രി

Pinarayi-Vijayan-visits-Thiruvananthapuram-Mayor-VK-Prasanth മുഖ്യമന്ത്രി പിണറായി വിജയൻ മേയർ വി.കെ.പ്രശാന്തിനെ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം ∙ തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിനുനേരെ നടന്നത് ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മെഡിക്കൽ കോളജിലെത്തി വി.കെ. പ്രശാന്തിനെ കണ്ട മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിലെത്തി മേയറെ സന്ദർശിച്ച മുഖ്യമന്ത്രി പരുക്കിന്റെയും ചികിൽസയുടെയും വിശദാംശങ്ങൾ ഡോക്ടറോടു നേരിട്ടു ചോദിച്ചറിയുകയും ചെയ്തു.

‘അക്രമം കരുതിക്കൂട്ടി നടത്തിയതാണ്. മേയറുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് സാരമായ പരിക്കുണ്ട്. അല്‍പ്പം കൂടി അക്രമം കടന്നു പോകുകയായിരുന്നുവെങ്കില്‍ നട്ടെല്ലിന് പരുക്കേറ്റ് ശരീരം തന്നെ നിശ്ചലമായേനെ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. നിരവധി കേസുകളില്‍ പ്രതികളായ ആര്‍എസ്എസുകാര്‍ സന്ദര്‍ശക ഗ്യാലറിയില്‍ കയറിക്കൂടി. യാതൊരു പ്രകോപനവും കൂടാതെ നടന്ന അക്രമത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും ചേരുകയായിരുന്നു. ആര്‍എസ്എസാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. മേയറെ അക്രമിച്ച ശേഷം സ്ത്രീകളായ കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു.
ഉന്തിലും തള്ളിലും പെട്ടാണ് അക്രമം നടന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് തെറ്റാണ്. യാതൊരു പ്രകോപനവും കൂടാതെ നടന്ന ഏകപക്ഷീയമായ ആക്രമണമായിരുന്നു. നഗരസഭയിലെ സംഭവങ്ങള്‍ തീര്‍ത്തും അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’.– മുഖ്യമന്ത്രി പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു.

നടന്നത് ആർഎസ്എസ് ഗുണ്ടാവിളയാട്ടമാണെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. മേയറെ സന്ദർശിച്ച കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരനും അക്രമത്തെ അപലപിച്ചു.

ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിലുണ്ടായ സംഘർഷത്തിലാണ് മേയർക്കു പരുക്കേറ്റത്. വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബിജെപി കൗൺസിലർമാർക്കും കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്. പരുക്കേറ്റ ബിജെപി കൗൺസിലർമാരുടെ പരാതിയിൽ പത്ത് ഭരണപക്ഷ കൗൺസിലർമാർക്കെതിരെയും കേസുണ്ട്.

related stories