Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി – സിപിഎം സംഘർഷം

CPM-BJP

തിരുവനന്തപുരം∙ തലസ്ഥാനത്തു ഒരിടവേളയ്ക്കു ശേഷം വീണ്ടും ബിജെപി–സിപിഎം സംഘർഷം. രണ്ട് സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. കരിക്കകത്തുണ്ടായ സംഘർഷത്തിൽ പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാകമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായതോടെ സംഘർഷാവസ്ഥ രൂക്ഷമായി. സംഭവത്തിൽ ഏഴുപേരെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനിടെ, കണ്ണൂരിലും സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടി. കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വെള്ളക്കൽ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. സിപിഎം പ്രവർത്തകർക്കു നേരെ ബോംബേറുണ്ടായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനു പരുക്കേറ്റു. തിരുവല്ലയിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകൻ വെൺപാല സ്വദേശി ജോർജ് ജോസഫിനു വെട്ടേറ്റു.

കഴിഞ്ഞദിവസം തിരുവനന്തപുരം നഗരസഭയിലുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണു ഞായറാഴ്ച വൈകിട്ട് നഗരത്തിൽ നടന്നത്. മേയർ വി.കെ.പ്രശാന്തിനെ ബിജെപി കൗൺസിലർമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ചു സിപിഎം പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ കൊടിമരം തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ഈ സംഘർഷത്തിലാണു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റത്.

ഇതിനുശേഷം ബിജെപി പ്രകടനം നടത്തിയതിനു പിന്നാലെയാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായത്. ഓഫിസിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഘർഷ സ്ഥലങ്ങളിൽ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ബിജെപി അക്രമങ്ങളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിൽ വ്യാപകമായി പ്രകടനങ്ങൾ നടത്തുമെന്നു സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു.

തലസ്ഥാനത്തെ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. പൊലീസിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. തലസ്ഥാനത്തെ അക്രമം നേരിടുന്നതിൽ പൊലീസിനു വീഴ്ച പറ്റി. പൊലീസിന്റെ സാന്നിധ്യത്തിലാണു ബിജെപി അക്രമം അഴിച്ചുവിട്ടത്. നേതൃത്വത്തിന്റെ അറിവോടെ രാഷ്ട്രീയ മുതലെടുപ്പിനാണു ബിജെപി ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

മേയർക്കെതിരെയുണ്ടായത് ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിലുണ്ടായ സംഘർഷത്തിലാണു മേയർക്കു പരുക്കേറ്റത്.