Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് സമ്മർദം ഫലം കണ്ടു; ചർച്ചയ്ക്കായി ചൈനീസ് പ്രതിനിധി ഉത്തര കൊറിയയിൽ

song-tao സോങ് ടാവോ

ഷാങ്ഹായ് ∙ ആണവപരീക്ഷണങ്ങളുടെ പേരിൽ ലോകത്തിന്റെ എതിർപ്പേറ്റുവാങ്ങുന്ന ഉത്തരകൊറിയയുമായി അവരുടെ ഏക സുഹൃത്ത് രാജ്യമായ ചൈനയുടെ പ്രതിനിധി പ്യോങ്യാങ്ങിലെത്തി ചർച്ച നടത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പ്രതിനിധി സോങ് ടാവോയും കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അടുപ്പക്കാരനും അവിടത്തെ ഭരണസംവിധാനത്തിൽ സുപ്രധാന സ്ഥാനത്തുള്ളയാളുമായ ചോ റ്യോങ് ഹൈയുമാണു ചർച്ച നടത്തിയത്.

ഒരുവർഷത്തിനു ശേഷമാണു മുതിർന്ന ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിലെത്തുന്നത്. തുടർച്ചയായ മിസൈൽ, ആണവ പരീക്ഷണങ്ങളുടെ പേരിൽ ചൈനയും സമീപകാലത്ത് ഉത്തരകൊറിയയോട് അതൃപ്തിയിലായിരുന്നു. കൊറിയയെ ചൈന ‘കാര്യങ്ങൾ മനസ്സിലാക്കണം’ എന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ ഏറെനാളായി ആവശ്യപ്പെടുന്നതാണ്. ടാവോയുടെ സന്ദർശനത്തെ ‘വലിയ ചുവട്’ എന്നാണു ട്രംപ് വിശേഷിപ്പിച്ചത്.

ആയുധപരീക്ഷണ വിഷയം ചർച്ചയിൽ ഉന്നയിക്കപ്പെട്ടുവെന്നാണു കരുതുന്നത്. എന്നാൽ, ചൈനീസ് വാർത്താക്കുറിപ്പിലും കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ടിലും അക്കാര്യത്തെക്കുറിച്ചു സൂചനയില്ല. ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണു കുറിപ്പിൽ പറയുന്നത്.

ഉത്തരകൊറിയയുടെ വിദേശ വ്യാപാരത്തിന്റെ 90 ശതമാനവും ചൈനയുമായാണ്. സാമ്പത്തികമായി ഉത്തരകൊറിയയ്ക്കുമേൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ഏക രാജ്യവും ചൈന തന്നെ. തുടർച്ചയായ ആണവ, ആയുധ പരീക്ഷണങ്ങളുടെ പേരിൽ ചൈന ഉത്തരകൊറിയയ്ക്കുമേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമേ യുഎൻ നിർദേശിച്ച നടപടികളും കൈക്കൊണ്ടിട്ടുണ്ട്.