Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരിയുടെ വ്യാജ ചിത്രം: പാക്ക് സേനയുടെ ട്വിറ്റർ അക്കൗണ്ടിനു പൂട്ടുവീണു

Kawalpreet-Kaur കവൽപ്രീത് കൗറിന്റെ യഥാർഥ ചിത്രം (ഇടത്), പാക്ക് സേന മോർഫ് ചെയ്തു പ്രചരിപ്പിച്ച ചിത്രം (വലത്)

ന്യൂ‍ഡൽഹി∙ ഇന്ത്യാ വിരുദ്ധ വികാരം പടർത്താൻ ശ്രമിച്ച പാക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട് ട്വിറ്റർ പൂട്ടിച്ചു. ഇന്ത്യൻ പെൺകുട്ടിയുടെ മോർഫു ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്നാണു നടപടി. പാക്ക് സൈന്യത്തിന്റെ @defencepk എന്ന ട്വിറ്റർ അക്കൗണ്ടിനാണു പൂട്ടുവീണത്.

ഡൽഹി ജുമാ മസ്ജിദിനു മുന്നിൽ ഇന്ത്യൻ പെൺകുട്ടി ഇന്ത്യാ വിരുദ്ധ സന്ദേശമുള്ള പ്ലക്കാർഡു പിടിച്ചുനിൽക്കുന്ന ചിത്രമാണ് പാക്ക് സൈന്യം പ്രചരിപ്പിച്ചത്. ‘ഞാൻ ഇന്ത്യക്കാരിയാണ്, പക്ഷേ ഇന്ത്യയെ ഞാൻ വെറുക്കുന്നു. കാരണം ഇന്ത്യയൊരു അധിനിവേശ രാജ്യമാണ്. കശ്മീരികൾ, മണിപ്പൂരികൾ, ഹൈദരാബാദ്. ജുനഗ‍ഢ്, സിക്കിം, മിസോറം, ഗോവ, നാഗാലൻഡ് തുടങ്ങിയവരാണ് ഇവിടെ കഴിയുന്നത്’ – എന്നായിരുന്നു പാക്ക് സൈന്യം പുറത്തുവിട്ട ചിത്രത്തിനൊപ്പമുള്ള പ്ലക്കാർഡിൽ എഴുതിയിരുന്നത്.

എന്നാൽ ഇന്ത്യക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായ കവൽപ്രത് കൗർ പ്രതിഷേധിക്കുന്ന
ചിത്രമാണിതെന്ന് അധികം വൈകാതെ കണ്ടെത്തി. ഇതേത്തുടർന്നു കവൽപ്രീതിന്റെ യഥാർഥ ചിത്രവുമായി ട്വീറ്ററുകളും പ്രചരിച്ചു. ‘ഞാൻ ഇന്ത്യക്കാരിയാണ്. നമ്മുടെ ഭരണഘടനയിലെ മതേതര വാദത്തിനൊപ്പമാണ് താനെന്ന്’ വ്യക്തമാക്കിയായിരുന്നു കവൽപ്രതീന്റെ യഥാർഥ പ്ലക്കാർ‍ഡ്.

സംഭവം കൈവിട്ടുപോകുമെന്നു മനസ്സിലാക്കിയതോടെ പാക്ക് സേന ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ മോർഫ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള പരാതികൾ വർധിച്ചതോടെ ട്വിറ്റർ‌ അധികൃതർ അവരുടെ അക്കൗണ്ട് സസ്പെൻ‍ഡ് ചെയ്യുകയായിരുന്നു.