Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനിയെ സഹായിച്ച ചാർലി മാപ്പുസാക്ഷിയാകില്ല; ദിലീപ് സ്വാധീനിച്ചെന്ന് പൊലീസ്

pulsar-suni

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിനു (പൾസർ സുനി) തമിഴ്നാട്ടിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ ചാർലി തോമസ് കേസിൽ മാപ്പുസാക്ഷിയാകില്ല. രഹസ്യമൊഴിയിൽ കുറ്റം സമ്മതിച്ച ചാർലി, മാപ്പുസാക്ഷിയാകാൻ കോടതി വിളിപ്പിച്ചിട്ടും എത്തിയില്ല. ചാർലിയെ ദിലീപ് സ്വാധീനിച്ചെന്നാണു പൊലീസിന്റെ നിലപാട്.

കുറ്റം ചെയ്തു മൂന്നാം ദിവസം ഒളിവിൽ കഴിയവെ ക്വട്ടേഷൻ സംബന്ധിച്ച വെളിപ്പെടുത്തലുകൾ സുനിൽകുമാർ നടത്തിയെന്നു ചാർലി മൊഴി നൽകിയിരുന്നു. ‘കേസിൽ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല, ക്വട്ടേഷൻ നൽകിയ വ്യക്തി മലയാള സിനിമയിലെ ഉന്നതനാണ്, നടിയുടെ ദൃശ്യങ്ങൾ കൈമാറുമ്പോൾ ഒന്നര കോടി രൂപ ലഭിക്കും, തമിഴ്നാട്ടിൽ സുരക്ഷിതരായി ഒളിവിൽ കഴിയാൻ അവസരം നൽകിയാൽ 10 ലക്ഷം രൂപ നൽകാം– സുനിൽ ഇങ്ങനെ വാഗ്ദാനം ചെയ്തതായി ചാർലിയുടെ മൊഴിയിൽ പറഞ്ഞിരുന്നു.

വാർത്താ ചാനലുകളിലൂടെയാണു നടിയെ ഉപദ്രവിച്ച കേസിന്റെ ഗൗരവം മനസ്സിലാക്കിയത്. സുനിലിനെ ആശങ്ക അറിയിച്ചപ്പോഴാണു സംഭവം നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണെന്നു പറഞ്ഞതെന്നും ചാർലി മൊഴി നൽകിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതിയായ വിജീഷും കോയമ്പത്തൂരിൽ കഴിഞ്ഞപ്പോൾ എല്ലാ സഹായങ്ങളും നൽകിയതു ചാർലിയായിരുന്നു. യുവനടിയെ പ്രതികൾ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സുനിലിന്റെ മൊബൈൽ ഫോണിൽ ചാർലി കണ്ടതായും മൊഴിയിലുണ്ട്. പിറ്റേന്നു ചാർലിയുടെ അയൽവാസിയുടെ ബൈക്കു മോഷ്ടിച്ച് സുനിലും വിജീഷും കേരളത്തിലേക്കു കടന്നു. എറണാകുളത്തു കോടതിയിൽ കീഴടങ്ങാൻ എത്തിയതും ഈ ബൈക്കിലാണ്.

related stories