Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുണാചൽ സന്ദർശിച്ച രാഷ്ട്രപതിയുടെ നടപടിയെ വിമർശിച്ച് ചൈന

Ramnath Kovind രാഷ്ട്രപതി റാംനാഥ് കോവിന്ദ് അരുണാചലിൽ എത്തിയപ്പോൾ

ബെയ്ജിങ്∙ അരുണാചൽ പ്രദേശ് സന്ദർശിച്ച രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നടപടിയെ വിമർശിച്ചു ചൈന രംഗത്ത്. തങ്ങളുടെ അധീനതയിൽപ്പെടുന്ന സ്ഥലം എന്നാണ് അരുണാചലിനെ ചൈന വിശേഷിപ്പിക്കുന്നത്. ‘തർക്കത്തിൽപ്പെട്ടു കിടക്കുന്ന’ സ്ഥലത്ത് ഇന്ത്യൻ നേതാക്കളുടെ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും ചൈന വ്യക്തമാക്കി. തെക്കൻ ടിബറ്റ് എന്നാണ് ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്. ദിവസേനെയുള്ള മാധ്യമ വിശദീകരണത്തിലാണു ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് ലു കാങ് നിലപാടു വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അവസാനമാണു രാഷ്ട്രപതി അരുണാചലിൽ എത്തിയത്.

അരുണാചൽ പ്രദേശിലെ ചൈന അംഗീകരിച്ചിട്ടില്ല. എന്നാൽ അതിർത്തി വിഷയത്തിൽ ചൈനയുടെ നിലപാട് കൃത്യമാണ് – ചർച്ചകളിലൂടെ ഇരുകൂട്ടർക്കും തൃപ്തികരമായ തീരുമാനം എടുക്കുക എന്നത്. അതിർത്തിത്തർക്കം പരിഹരിക്കുന്നതുവരെ ഇരു ഭാഗങ്ങളും മേഖലയിലെ സമാധാനവും ശാന്തിയും സംരക്ഷിക്കാൻ പ്രയത്നിക്കുക. തർക്ക മേഖലകളിൽ ഇന്ത്യൻ നേതാക്കൾ ഇടപെടുന്നതിനെ ചൈന എതിർക്കുന്നുവെന്നു ലു കാങ് വ്യക്തമാക്കി. വികസന കാര്യത്തിൽ ഇന്ത്യ – ചൈന ബന്ധം പ്രധാനപ്പെട്ട നിലയിലാണെന്നും അതിനെ സങ്കീർണമാക്കുന്ന നടപടികൾ ഇന്ത്യ സ്വീകരിക്കില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിന്റെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തിയത്. നേരത്തേ, ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയെ അരുണാചലിൽ വരാൻ അനുവദിച്ച ഇന്ത്യൻ നടപടിയെ ചൈന അതിശക്തമായി എതിർത്തിരുന്നു.