Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റിന്റെ ശീതകാല സമ്മേളനം മോദി സർക്കാർ അട്ടിമറിക്കുന്നു: സോണിയ

Sonia Gandhi

ന്യൂഡൽഹി∙ നിസാര കാരണങ്ങൾ പറഞ്ഞു പാർലമെന്റിന്റെ ശീതകാല സമ്മേളനം മോദി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയുടെ പാർലമെന്റ് ജനാധിപത്യത്തിൻമേൽ കറുത്ത നിഴലാണു മോദി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജിഎസ്ടി നടപ്പാക്കുന്നതിൽ വന്ന പാകപ്പിഴകള്‍ ഇന്ത്യയുടെ നികുതി സമ്പ്രദായത്തെ പ്രതികൂലമായി ബാധിച്ചെന്നും സോണിയ കൂട്ടിച്ചേർത്തു.

പരമ്പരാഗതമായി ശീതകാല സമ്മേളനം നവംബർ മൂന്നാം ആഴ്ച മുതൽ ഡിസംബർ മൂന്നാം ആഴ്ച വരെയാണു നടത്തപ്പെടുന്നത്. എന്നാൽ ഇതുവരെ ശീതകാല സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, സമ്മേളനം 10 ദിവസത്തേക്കു ചുരുക്കാനുള്ള നടപടികളാണു സർക്കാർ എടുക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ രണ്ടാം ആഴ്ച മുതൽ സമ്മേളനം ആരംഭിക്കുമെന്നാണു വിവരം.

അതേസമയം, ആധുനിക ഇന്ത്യയുടെ ചരിത്രം ‘നിർബന്ധപൂർവം’ മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും സംഭാവനകൾ മായ്ച്ചുകളയാനാണു സർക്കാർ ശ്രമിക്കുന്നത്. നോട്ട് നിരോധന നടപടിയെയും കുറ്റപ്പെടുത്തിയ സോണിയ ലക്ഷക്കണക്കിനു ജനങ്ങൾ ഇപ്പോഴും നിരോധനം മൂലം കഷ്ടപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി.

related stories