Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുമാസമായി ‘നിശബ്ദത’: ഉത്തര കൊറിയയുടെ കിം ജോങ് ഉന്നിന്ന് എന്തുപറ്റി?

Kim Jong Un

പ്യോങ്യാങ്∙ അടുത്തിടെ നടത്തിയ ഹൈഡ്രജൻ ബോംബ് / ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കുശേഷം രണ്ടുമാസമായി ഉത്തര കൊറിയയിൽനിന്ന് ഒരു പ്രകോപനവുമില്ലാത്തതിൽ സംശയമുയരുന്നു. വാക്കുകൾക്കൊണ്ടുള്ള പ്രകോപനമല്ലാതെ 60 ദിവസമായി ഉത്തര കൊറിയയിൽ യാതൊരു അനക്കവുമില്ലാത്തത് കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയിലേക്കും വിരൽചൂണ്ടുന്നതായി ഓസ്ട്രേലിയൻ മാധ്യമമായ ന്യൂസിനെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. യുകെ ആസ്ഥാനമായ ഡെയ്‌ലി സ്റ്റാർ പോലുള്ള മാധ്യമങ്ങളും സമാന വാർത്ത റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളിൽ കിം ജോങ് ഉന്‍ തടി വച്ചിരിക്കുന്നതു വ്യക്തമാണ്. നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഒരു കോസ്മെറ്റിക് ഫാക്ടറി സന്ദർശനത്തിനിടെ കാലിനു വയ്യെന്നു പറഞ്ഞു കിം കസേര ആവശ്യപ്പെട്ടതായും ഷൂ ഫാക്ടറി സന്ദർശനത്തിനിടയിൽ മുഖം മുഴുവൻ വിയർപ്പിൽ കുളിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. 40 കിലോയോളം കിമ്മിന്റെ ഭാരം വർധിച്ചയായി മൂന്നു വർഷങ്ങൾക്കുമുൻപു റിപ്പോർട്ട് വന്നിരുന്നു. അധികാരത്തിൽ കയറിയതുമുതൽ കിമ്മിന് ഉറക്കമില്ലായ്മ എന്ന അസുഖവും ഉണ്ടത്രെ.

2014ലും ആറാഴ്ചത്തേക്കു കിമ്മിനെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. കിം ശാരീരികമായി വയ്യാത്ത അവസ്ഥ നേരിടുന്നതായി ഉത്തര കൊറിയയ്ക്കുപോലും അംഗീകരിക്കേണ്ടിവന്നിരുന്നു. ദീർഘായുസ്സ് നൽകുന്നതിനുള്ള പരിചരണവുമായി ഒരു കൂട്ടം ഡോക്ടർമാർ കിമ്മിന്റെ ചുറ്റുമുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, സന്ധിവാതം എന്നിവയാൽ കിം ബുദ്ധിമുട്ടുകയാണെന്നാണ് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഏതുനിമിഷവും വധിക്കപ്പെടുമെന്ന ഭീതിയാൽ തിന്നും കുടിച്ചും മദിച്ചുല്ലസിച്ചു നടക്കുകയാണ് കിം എന്നാണ് ദക്ഷിണ കൊറിയൻ ചാര സംഘടനയുടെ വാദം.

അതേസമയം, കിമ്മിന്റെ രോഗാവസ്ഥയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങള്‍ പെട്ടെന്നൊരു ‘അവസാനം’ വരാൻ കാരണമെന്നാണു വിലയിരുത്തൽ.

ജൂലൈയിൽ ഉത്തര കൊറിയ രാജ്യത്തിന്റെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. പിന്നാലെ ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തി. വാക്കുകൾകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കോർത്തു, ലോക രാജ്യങ്ങളെ മുഴുവൻ എതിരാക്കി. ആണവപരീക്ഷണങ്ങളെത്തുടർന്ന് ഐക്യരാഷ്ട്രസംഘടന ശക്തമായ ഉപരോധമാണ് ഉത്തര കൊറിയയ്ക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയിരിക്കെയാണ് രണ്ടുമാസത്തെ നിശബ്ദത. പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തെത്തുടർന്ന് 2011ലാണ് കിം ഉത്തര കൊറിയയുടെ പരമോന്നത നേതാവായത്.