Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകൾ ഇഴയുന്നു; യാത്രാസമയം കുറയ്ക്കുമെന്ന പ്രഖ്യാപനം അട്ടിമറിച്ചു

train Representational image

കൊച്ചി∙ ട്രെയിനുകളുടെ വേഗം കൂട്ടി യാത്രാസമയം കുറയ്ക്കുമെന്ന പ്രഖ്യാപനം അട്ടിമറിച്ചു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. നവംബർ ഒന്നിനു നടപ്പായ പുതിയ സമയക്രമത്തിലാണു വേഗം കൂട്ടാതെ ഓട്ടത്തിന് അധികസമയം നൽകി റെയിൽവേ യാത്രക്കാരെ കബളിപ്പിച്ചത്. ട്രെയിനുകൾക്കു തിരുവനന്തപുരം മുതൽ എറണാകുളം വരെ ഓടിയെത്താൻ നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ സമയമാണ് അനുവദിച്ചിട്ടുള്ളത്.

പാത ഇരട്ടിപ്പിക്കൽ പൂർത്തിയായ മേഖലകളിൽ പോലും, തന്ത്രപൂർവം നടപ്പാക്കിയ വേഗ നിയന്ത്രണം മൂലം തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലാണു വണ്ടികൾ ഇഴയുന്നത്. പരമാവധി വേഗം 105 കിലോമീറ്റർ വരെയുള്ള ഇരട്ടപ്പാതകളിൽ പോലും വണ്ടികൾ മെല്ലപ്പോക്കിലാണ്. അതേസമയം, തിരുവനന്തപുരത്തോ എറണാകുളത്തോ വണ്ടികൾ പുറപ്പെടുന്ന സമയത്തിലും എത്തുന്ന സമയത്തിലും മാറ്റം വരുത്തിയതുമില്ല. ഇതുമൂലം വണ്ടികൾ വഴിയിൽ ഇഴഞ്ഞാലും വൈകുന്നു എന്ന പഴി റയിൽവേയ്ക്കു കേൾക്കേണ്ടിയും വരില്ല. എന്നാൽ, ഈ ട്രെയിനുകൾ പാലക്കാട് ഡിവിഷനിലെത്തുന്നതോടെ വേഗം കൈവരിക്കുന്നുണ്ട്.

കോട്ടയം പാതയിലാണ് മിക്ക ട്രെയിനുകളുടെയും വേഗം കുറച്ചത്. പഴയ സമയത്തു തന്നെ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന എക്സ്പ്രസ്, മെയിൽ വണ്ടികളെല്ലാം 15 മുതൽ 30 മിനിറ്റു വരെ വൈകിയാണു കൊല്ലം കഴിഞ്ഞുള്ള സ്റ്റേഷനുകളിൽ എത്തുന്നത്. തെക്കോട്ടുള്ള യാത്രയിൽ, എറണാകുളം വിടുന്നതോടെ മിക്ക ട്രെയിനുകൾക്കും വേണ്ടത്ര സമയം അനുവദിച്ച റയിൽവേ, തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുമില്ല.

ചെന്നൈ മെയിൽ, ജയന്തി ജനത തുടങ്ങി പ്രധാന ദീർഘദൂര വണ്ടികൾ എറണാകുളത്തുനിന്ന് കൊല്ലത്ത് എത്തുന്നതു വരെയുള്ള സമയമാണു കൂട്ടി നൽകിയത്. വേഗം കൂട്ടി സമയം കുറച്ചു കൂടുതൽ ട്രെയിനുകൾ നേടാനുള്ള അവസരമാണ് ഇതു വഴി ഡിവിഷൻ അട്ടിമറിച്ചത്. തെക്കോട്ടുള്ള ഏതാനും വണ്ടികളുടെ സമയത്തിൽ അഞ്ചു മുതൽ 10 വരെ മിനിറ്റ് കുറവു വരുത്തിയാണു റയിൽവേ യാത്രക്കാരെ പറ്റിച്ചത്.

നൂറുകണക്കിന് ഉദ്യോഗസ്ഥരും വിദ്യാർഥികളും ആശ്രയിക്കുന്ന വേണാട് എക്സപ്രസ്, പരശുറാം, ഹൈദരാബാദ് ശബരി, കേരള എക്സ്പസ്, ബാംഗ്ലൂർ എക്പ്രസ്, ചെന്നൈ മെയിൽ, ചെന്നൈ സൂപ്പർ തുടങ്ങി പ്രധാന ട്രെയിനുകളുടെ സമയം ഇത്തരത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള ശരാശരി സമയം ഒരു മണിക്കൂറാണെങ്കിലും ചില വണ്ടികൾക്കു കൂടുതൽ സമയം നൽകി. 12696 ചെന്നൈ സൂപ്പർ 57 മിനിറ്റിനു പിന്നിട്ടിരുന്ന ദൂരത്തിനു പുതിയ പട്ടികയിൽ ഒരു മണിക്കൂർ 10 മിനിറ്റുണ്ട്. മറ്റു ചില വണ്ടികൾക്കും ഈ സൗകര്യം അനുവദിച്ചു.

ഏറെ വിചിത്രമായ സമയം തിരുവനന്തപുരത്ത് പേട്ടയിൽനിന്നു രണ്ട് കിലോമീറ്റർ അകലെയുള്ള സെൻട്രലിലേക്കും കൊച്ചിയിൽ തൃപ്പൂണിത്തുറയിൽനിന്ന് എറണാകുളത്തേക്കും നൽകിയിട്ടുള്ള ‘ഗ്രേസ്’ ടൈമാണ്. കോട്ടയത്തുനിന്ന് 25 കിലോമീറ്റർ അകലെ വൈക്കം റോഡിലേക്ക് 20 മിനിറ്റിൽ എത്തുന്ന സൂപ്പർഫാസ്റ്റ് ട്രെയിന് അവിടെനിന്ന് 34 കിലോമീറ്ററുള്ള എറണാകുളത്തെത്താൻ നൽകിയിട്ടുള്ളത് ഒരു മണിക്കൂറാണ്.

മിക്ക ട്രെയിനുകൾക്കും കൊല്ലത്തുനിന്ന് കായംകുളത്തിനുള്ള സമയം പത്തു മിനിറ്റിലേറെ കൂട്ടി നൽകി. മടക്കയാത്രിയിൽ കോട്ടയത്തിനും കൊല്ലത്തിനുമിടിയിലും വണ്ടികൾ ഇഴഞ്ഞു നീങ്ങും. തിരുവനന്തപുരം – എറണാകുളം ദൂരം ആലപ്പുഴ റൂട്ടിൽ നാലു മണിക്കൂറിലെത്തുമ്പോൾ കോട്ടയം വഴി നാലര മണിക്കൂറാണു മിക്ക ട്രെയിനും അനുവദിച്ചിട്ടുള്ളത്.

ഡിവിഷനിലെ കെടുകാര്യസ്ഥതയാണു സമയക്രമത്തിലും പ്രതിഫലിക്കുന്നത്. ഒക്ടോബർ 20 മുതൽ നവംബർ 20 വരെയുള്ള ഒരു മാസക്കാലത്തിൽ തിരുവനന്തപുരം - ഷൊർണൂർ വേണാട് എറണാകുളത്ത് കൃത്യസമയത്ത് എത്തിയത് ആകെ ഒരു ദിവസം മാത്രം, നവംബർ ഏഴിനായിരുന്നു ആ മഹാത്ഭുതം സംഭവിച്ചത്. ബാക്കിയുള്ള എല്ലാ ദിവസവും കുറഞ്ഞത് അരമണിക്കൂർ വീതമാണു വേണാട് വൈകിയത്. ഒാടിയെത്താൻ സമയം തികയുന്നില്ലെന്നു കാണിച്ചു നവംബർ ഒന്നു മുതൽ 10.10ന് എത്തുന്ന തരത്തിലാണു വേണാടിന്റെ സമയം പുനക്രമീകരിച്ചത്. എന്നിട്ടു പോലും ട്രെയിൻ രക്ഷപ്പെട്ടില്ല.

കേരളത്തിൽ വ്യാപകമായി ട്രെയിനുകൾ വൈകുന്നുണ്ടെങ്കിലും റെയിൽവേ ബോർഡ് ഇതേക്കുറിച്ചു ബോധവാൻമാരല്ല. ഇത് ബോർ‍ഡിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതു കേരളത്തിലെ എംപിമാരാണ്. എന്നാൽ അവരാരും ചെറുവിരൽ പോലും അനക്കിയിട്ടില്ല. എംപിമാരെല്ലാം ട്രെയിൻ ഉപേക്ഷിച്ചു യാത്ര വിമാനത്തിലാക്കിയിട്ടു നാേളറെയായി. അതിനാൽ നേരിട്ടു ബാധിക്കാത്തതിനാൽ അവർ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നു യാത്രക്കാർ ആരോപിക്കുന്നു.

related stories