Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോമിയോ ഡോക്ടർമാർക്ക് സ്വന്തം ക്ലിനിക്കിൽനിന്ന് ഇനി മരുന്നുവിൽപന പറ്റില്ല

x-default

കൊച്ചി ∙ ഹോമിയോ ഡോക്ടർമാർക്കു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്തു. ഹോമിയോ ഡോക്ടർമാർക്ക് ഇനിമുതൽ സ്വന്തം ക്ലിനിക്കിൽ നിന്നു മരുന്നുവിൽപന സാധ്യമല്ല. ഹോമിയോ മരുന്നുവിപണന കേന്ദ്രത്തിന്റെ ഭാഗമായി ക്ലിനിക് പ്രവർത്തിപ്പിക്കാനും സാധിക്കില്ല.

അലോപ്പതി മരുന്നുകൾ വിൽക്കുന്ന സാധാരണ മരുന്നുകടകളിൽ ഇനി മുതൽ ഹോമിയോ മരുന്നുകളും വിൽക്കാം. നിയമഭേദഗതി ഈമാസം 10നു പ്രാബല്യത്തിലായി. ഹോമിയോ മരുന്നുകൾ കുറിച്ചുകൊടുക്കുന്നതിലും വിൽക്കുന്നതിലും ഡോക്ടർമാർ വഴിവിട്ടു പ്രവർത്തിക്കുന്നതായി വിലയിരുത്തിയാണു ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ (ഡിടിഎബി) നിർദേശങ്ങളോടെ ഭേദഗതികൾ നടപ്പാക്കുന്നത്.

അലോപ്പതി മരുന്നുകൾ വിൽക്കുന്ന കടയിൽ പ്രത്യേക ലൈസൻസ് ഇല്ലാതെ തന്നെ ഹോമിയോ മരുന്നുകളും വിൽക്കാം. മരുന്നു നൽകാൻ ഹോമിയോപ്പതിയിലോ ഫാർമസിയിലോ നിശ്ചിതയോഗ്യതയുള്ളവർ കടകളിൽ ഉണ്ടായിരിക്കണം. എന്നാൽ, കടകളിൽനിന്നു രോഗികൾക്കു നേരിട്ടു ഹോമിയോ മരുന്നുകൾ ലഭ്യമാകുന്ന സ്ഥിതി വരുമ്പോൾ ദുരുപയോഗ സാധ്യതകൾ കൂടുമെന്നാണു ഹോമിയോ ഡോക്ടർമാരുടെ ആക്ഷേപം.