Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; അങ്കമാലി കോടതിയെ സമീപിക്കും

Dileep

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അങ്കമാലി കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ‍ഡയറക്ടർ ജനറൽ‌ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി പറഞ്ഞിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഹൈക്കോടതി വിലയിരുത്തി.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രത്യേക അന്വേഷണസംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ദിലീപ് മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം ഹൈക്കോടതിയിൽ വാദിച്ചു.

‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് അഭ്യർഥിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചത്. എന്നാൽ ഏഴു ദിവസത്തേക്കു പാസ്പോർട്ട് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണു പൊലീസ്. ദിലീപടക്കം 11 പേരാണു പ്രതികൾ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

related stories