Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പത്മാവതി’ക്ക് വിലക്കുമായി ഗുജറാത്തും; ചിത്രത്തെ എതിർത്ത് കൂടുതൽ സംസ്ഥാനങ്ങൾ

Padmavati

ഗാന്ധിനഗർ ∙ സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം ‘പത്മാവതി’യുടെ പ്രദർശനം മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയ്ക്കു പിന്നാലെ ഗുജറാത്തിലും നിരോധിച്ചു. വിവാദങ്ങൾ അവസാനിക്കുന്നതു വരെ ചിത്രം പ്ര‍ദർശിപ്പിക്കേണ്ടെന്നാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് വിവാദചിത്രം പ്രദർശിപ്പിക്കുന്നതിന് ഗുജറാത്ത് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ‌ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. അതേസമയം, താരങ്ങളായ കമൽ ഹാസൻ, പ്രകാശ്‌രാജ്, ഖുശ്ബു, പ്രിയാമണി തുടങ്ങിയവര്‍ ദീപികയ്ക്കു പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തി.

ചിത്രത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ചൊരിഞ്ഞാണ് പ്രദർശനം നിരോധിക്കുന്നതായി മുഖ്യമന്ത്രി രൂപാണി അറിയിച്ചത്. ചരിത്രത്തെ വികൃതമാക്കാൻ ഒരു കാരണവശാലും നാം അനുവദിക്കരുതെന്ന് രൂപാണി ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണം. പക്ഷേ, സംസ്കാരത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങൾ അസഹനീയമാണെന്നും രൂപാണി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില മോശമാക്കുന്ന ഒരു നടപടിയും അനുവദിക്കാനാകില്ല. ഈ ചിത്രം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ മുറിപ്പെടുത്തുമെങ്കിൽ ചിത്രം ഇവിടെ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല – രൂപാണി പറഞ്ഞു.

അതിനിടെ, ‘പത്മാവതി’യെച്ചൊല്ലി ഉത്തർപ്രദേശിൽ ഭരണ, പ്രതിപക്ഷ പാർട്ടികൾ തമ്മിൽ തർക്കം ഉടലെടുത്തു. ബൻസാലിയുടെ തലയ്ക്കു വിലയിട്ടവർ ചെയ്തതു തെറ്റാണെങ്കിൽ ബൻസാലിയും തെറ്റുകാരനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ സമാജ്‍വാദി പാർട്ടി രംഗത്തെത്തി. ‘പത്മാവതി’ വിഷയം ഉയർത്തിക്കൊണ്ട് സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനാണു യോഗിയുടെ ശ്രമമെന്ന് അവർ ആരോപിച്ചു.

വിവാദരംഗങ്ങളുണ്ടോയെന്നു സിനിമ കണ്ട് ഉറപ്പാക്കിയശേഷം മതി പ്രതിഷേധമെന്ന് കേന്ദ്ര മന്ത്രി ബിരേന്ദർ സിങ് പറഞ്ഞു. സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെന്നല്ല, ആർക്കുംതന്നെ നിയമം കയ്യിലെടുക്കാൻ അധികാരമില്ലെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറ‍ഞ്ഞു. രാജസ്ഥാനിൽ സിനിമ പ്രദർശിപ്പിക്കുന്നതു നിരോധിക്കുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ വ്യക്തമാക്കി. മധ്യപ്രദേശിലും രാജസ്ഥാനിലും ചെയ്തതുപോലെ തെലങ്കാനയിലും സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽനിന്നുള്ള ബിജെപി എംഎൽഎ ടി. രാജാ സിങ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനു കത്തെഴുതി.