Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ ചായക്കാരനാക്കി ട്രോൾ; യൂത്ത് കോൺഗ്രസിനെതിരെ പ്രതിഷേധം

Narendra-Modi-Troll യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത ചിത്രം

ന്യൂ‍ഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ട്രോളിറക്കിയ യൂത്ത് കോൺഗ്രസ് വിവാദത്തിൽ. യൂത്ത് കോണ്‍ഗ്രസിന്റെ ഓൺലൈൻ മാസികയായ ‘യുവ ദേശി’ലാണ് കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ സംസാരിച്ചുകൊണ്ടു നിൽക്കുന്നതാണ് ട്രോൾ. തന്നെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന തമാശകൾ നിങ്ങൾ കാണാറുണ്ടോയെന്ന് മോദി ചോദിക്കുന്നു. അപ്പോൾ ‘മെമെ’ എന്നല്ല ‘മീം’ എന്നാണു ഉച്ചരിക്കേണ്ടതെന്ന് ട്രംപ് തിരുത്തുന്നു. ഉടനെ നിങ്ങൾ ചായ വിൽക്കൂവെന്ന് തെരേസ മേ പറയുന്നതാണ് ട്രോളിലുള്ളത്.

‘യുവ ദേശ്’ ട്വീറ്ററിൽ ഇതു പോസ്റ്റു ചെയ്തതോടെ എതിർപ്പും വിമർശനവും ശക്തമായി. തുടർന്ന് ട്വിറ്ററിൽനിന്ന് അവർ പോസ്റ്റു പിൻവലിച്ചെങ്കിലും ബിജെപി പ്രചരണം ശക്തമാക്കി. നഷ്ടം സംഭവിച്ചുവെന്നും ഇനിതിരുത്താനാകില്ലെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. ട്രോൾ പിൻവലിച്ചതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കില്ല. മനപൂർവമോ അല്ലാതെയോ ചെയ്തതാകട്ടെ, അതു നിങ്ങൾക്കു വരുത്തി വയ്ക്കുന്ന നഷ്ടം വലുതായിരിക്കുമെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.

പാവങ്ങളെ പരിഹസിക്കുന്ന മനസ്ഥിതി എത്രയോ അപഹാസ്യമാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. കളിയാക്കലിനുള്ള മറുപടി ഗുജാറത്ത് തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നായിരുന്നു സംപ്രീത് പത്രയുടെ പ്രതികരണം. 2014ൽ മോദിയുടെ ജീവിത പശ്ചാത്തലം വിമർശിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ നടപടിയും വിവാദമായിരുന്നു. 

എന്നാൽ ഇത്തരം അപഹാസ്യമായ ട്രോളുകൾ പ്രോത്സാഹിപ്പിക്കാറില്ലെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സിങ് സുജേർവാല പറഞ്ഞു. പ്രധാനമന്ത്രിയോടും രാഷ്ട്രീയ എതിരാളികവോടും ബഹുമാനമാണ് കോൺഗ്രസിനുള്ളതെന്നും സുജേർവാല കൂട്ടിച്ചേർത്തു.

related stories