Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോണ്ടിച്ചേരി റജിസ്ട്രേഷൻ: ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു

Fahadh Fazil

ആലപ്പുഴ ∙ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു ടാക്സ് വെട്ടിച്ചതിനെത്തുടർന്നു മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു. ആലപ്പുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫിസിൽ ദൂതൻ മുഖേനയാണ് നികുതിയടച്ചത്. പിവൈ 05 9898 റജിസ്ട്രേഷൻ നമ്പരിലുള്ള ബെൻസ് കാർ കേരള റജിസ്ട്രേഷനിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഫഹദിന് ആർടിഒ ഒരാഴ്ചത്തെ സമയം അനുവദിച്ചു. 95 ലക്ഷം രൂപയാണു വാഹനവില.

വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസിൽ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നു.

വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത് ഉടമകൾ നികുതി വെട്ടിപ്പു നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ നടത്തിയ പരിശോധനയിൽ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത 10 വാഹനങ്ങളുടെ ഉടമകൾക്കു മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ട‌ിസ് നൽകി. നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന വാഹനവും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ചില കാറുകളുടെ നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഉടമകൾ സ്ഥലത്തില്ലെന്ന മറുപടിയാണു ലഭിച്ചത്. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ് ഉടമകൾക്കു കൈമാറാൻ അയൽവാസികളെ ചുമതലപ്പെടുത്തിയിരുന്നു.

നടി അമലാ പോള്‍, നടനും എം പിയുമായ സുരേഷ് ഗോപി എന്നിവരുടെ വാഹനങ്ങളും നികുതി ഇളവു ലഭിക്കാന്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.