Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രസർക്കാരിനു വീണ്ടും തിരിച്ചടി; ‘എസ് ദുർഗ’യ്ക്കെതിരായ ഹർജിയിൽ സ്റ്റേ ഇല്ല

S Durga

ന്യൂഡൽഹി∙ ഗോവ ചലച്ചിത്രമേളയിൽ സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ പ്രദർശിപ്പിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനു സ്റ്റേ ഇല്ല. കേന്ദ്രസർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. പിന്നീട് വാദം തുടരുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിലാണ് കേന്ദ്രം അപ്പീൽ നൽകിയിരുന്നത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ച സിനിമയെ മേളയില്‍നിന്ന് ഒഴിവാക്കാനാകില്ലെന്നായിരുന്നു സിംഗിള്‍ െബഞ്ച് വിധി. എന്നാല്‍ സര്‍ട്ടിഫൈ ചെയ്യാത്ത സിനിമ ജൂറി തള്ളിയതിനാലാണു ചലച്ചിത്രോല്‍സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വാദിച്ചത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങള്‍ക്കുപോലും മേളയില്‍ പ്രദര്‍ശനാനുമതി നല്‍കാമെന്നിരിക്കെ എസ് ദുര്‍ഗയെ ഒഴിവാക്കിയതു നീതികരിക്കാനാകില്ലെന്നു സംവിധായകൻ ഹൈക്കോടതിയിൽ വാദിച്ചു.

ഇന്ത്യൻ പനോരമ പട്ടികയിൽനിന്ന് എസ് ദുർഗ, മറാത്തി സംവിധായകൻ രവി ജാദവിന്റെ ‘ന്യൂഡ്’ എന്നിവയും പാക്ക് സിനിമ സാവനും കേന്ദ്രം ഇടപെട്ട് ഒഴിവാക്കിയിരുന്നു. പരമാവധി ദിവസം കോടതി നടപടികളിൽപ്പെടുത്തി എസ് ദുർഗ മേളയിൽ പ്രദർശിപ്പിക്കാതിരിക്കുക എന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ പയറ്റുന്നതെന്നു വിമർശനമുയർന്നു. 28നാണ് മേള സമാപിക്കുക. ഹൈക്കോടതി ഉത്തരവും സിനിമയുടെ പകർപ്പുമായി അണിയറ പ്രവർത്തകർ ഐഎഫ്ഐഐയെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമായിരുന്നില്ല. മാധ്യമങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനും അധികൃതർ തയാറായില്ല.

ചിത്രത്തെ ഒഴിവാക്കിയതു ഭരണഘടനാ വിരുദ്ധമാണെന്ന സംവിധായകന്റെ ഹർജി അംഗീകരിച്ചാണു പ്രദര്‍ശനാനുമതി നല്‍കിയത്​. ചിത്രം ഒഴിവാക്കിയതിനു കേന്ദ്രത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ചിത്രങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു ജൂറി തലവൻ സംവിധായകൻ സുജോയ് ഘോഷ് രാജി വച്ചതും വിവാദമായി. ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ ചിത്രമാണ് എസ് ദുർഗ. ‘സെക്സി ദുർഗ’ എന്ന പേരു വിവാദമായപ്പോഴാണു ‘എസ് ദുർഗ’ എന്നാക്കിയത്.

related stories