Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തച്ചങ്കരിയെ മാറ്റിയത് ഭരണസൗകര്യാർഥം': മുഖ്യമന്ത്രിയുടെ ഓഫിസ്

thachankary

തിരുവനന്തപുരം∙ കേരളാ ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു ടോമിൻ ജെ.തച്ചങ്കരിയെ ഒഴിവാക്കിയതു ഭരണസൗകര്യം കണക്കിലെടുത്താണെന്നും മറിച്ചുള്ള വാർത്തകൾ വസ്തുതയല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

തച്ചങ്കരിയുടെ നേതൃത്വത്തിൽ കെബിപിഎസ് കാര്യക്ഷമമായിട്ടാണു പ്രവർത്തിച്ചിരുന്നത്. എന്നാൽ അഗ്നിശമനസേനാ മേധാവിയുടെ ചുമതലയ്ക്കൊപ്പം കെബിപിഎസിന്റെ ചുമതല കൂടി വഹിക്കാനുള്ള ബുദ്ധിമുട്ട് തച്ചങ്കരി സർക്കാരിനെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ആ പദവിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. 

മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതനുസരിച്ചു പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയും കെബിപിഎസിൽ പരിശോധന നടത്തി എന്നതു തെറ്റാണെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. മറ്റു ജോലികൾക്കായി പോകുന്നവഴി കെബിപിഎസ് അതിഥി മന്ദിരത്തിൽ എത്തിയ അവർ തന്റെ ക്ഷണപ്രകാരം പരാധീനതകൾ കാണാൻ മാത്രമാണു പ്രസ് സന്ദർശിച്ചതെന്നു ടോമിൻ തച്ചങ്കരി അറിയിച്ചു.  

യാതൊരു അന്വേഷണവും ജയരാജനും നളിനി നെറ്റോയും നടത്തിയിട്ടില്ല. താൻ ജർമനിയിൽ ഏതെങ്കിലും എക്സ്പോയ്ക്കു പോകുകയോ യന്ത്രം വാങ്ങാനായി ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല. മണിപ്പാൽ പ്രസ് മടക്കിയയച്ച യന്ത്രമാണു കെബിപിഎസിൽ ലോട്ടറി നമ്പറിങ്ങിന് ഉപയോഗിക്കുന്നതെന്നുള്ളതു തെറ്റാണ്. നേരത്തേയുള്ള യന്ത്രം തന്നെയാണു വർഷങ്ങളായി നമ്പറിങ്ങിനായി ഉപയോഗിക്കുന്നത്. 

യന്ത്രം വാങ്ങൽ, നമ്പറിങ് തുടങ്ങി കെബിപിഎസിലെ എല്ലാ കരാറുകളും  ഇ–ടെൻഡർ വഴിയും സുതാര്യവുമായിട്ടാണു നടത്തിയിട്ടുള്ളത്. ചൈനീസ് കമ്പനിയുടെ ഒരു യന്ത്രവും കെബിപിഎസിൽ വാങ്ങിയിട്ടില്ല. അമേരിക്ക/യൂറോപ്പ് കമ്പനികളിൽ നിന്നുള്ള യന്ത്രങ്ങൾ മാത്രമാണു വാങ്ങിയിട്ടുള്ളത്. ഒരു കരാറുകാരനു ദിവസവും കരാർ തുക നൽകുന്നു എന്ന വാർത്ത തെറ്റാണ്. വിജിലൻസ് അന്വേഷണവും ഇല്ല – തച്ചങ്കരി പറഞ്ഞു.

related stories