Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംബാബ്‍‌വെ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജിവച്ചു

Robert-Mugabe

ഹരാരെ∙ സിംബാബ്‍വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചതിനുപിന്നാലെയാണു രാജി. 1980 മുതൽ സിംബാബ്‍വെയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയായ സനു–പിഎഫ് തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബയെ അധ്യക്ഷസ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. തുടർന്ന് എമേഴ്സൻ നൻഗാഗ്വയെ പാർട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.

മുഗാബെയുടെ അനാരോഗ്യം മുതലെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗ്രെയ്സും കൂട്ടാളികളും അധികാരം സ്വന്തമാക്കി രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണു തടയുന്നതെന്നാണു പാർട്ടിയുടെ ആരോപണം. മുഗാബെയുടെ ഭാര്യ ഗ്രെയ്സിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. അതിനിടെ മുഗാബെ രാജിവയ്ക്കാൻ തയാറാകാതിരുന്നതോടെ ഇംപീച്ച്മെന്റ് നടപടികൾക്ക് എംപിമാർ തുടക്കം കുറിക്കുകയും ചെയ്തു.

സിംബാബ്‍വെ സ്വതന്ത്രമായതുമുതൽ 37 വർഷം മുഗാബെ ഭരണത്തിലായിരുന്നു. രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയതോടെ മുഗാബെയുടെ നില പരുങ്ങലിലാവുകയായിരുന്നു. രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഏറ്റെടുത്ത സൈന്യം അധികാരം എമേഴ്സൻ നൻഗാഗ്വയ്ക്ക് കൈമാറുമെന്നാണ് സൂചന.

അട്ടിമറിക്കപ്പെട്ടു, ഗ്രെയ്സിന്റെ മോഹങ്ങൾ

റോബർട് മുഗാബെയുടെ ഓഫിസിൽ സെക്രട്ടറിയായി വന്ന്, ഒടുവിൽ പ്രഥമവനിതയായ ഗ്രെയ്സ് മുഗാബെ (52) സിംബാബ്‌വെയിലെ കരുത്തുറ്റ കഥാപാത്രം. 40 വയസ്സിന് ഇളയ ഗ്രെയ്സുമായി മുഗാബെയുടെ പ്രണയബന്ധം ഔദ്യോഗികമാകുമ്പോൾ, ആദ്യഭാര്യ സാലി വൃക്കരോഗിയായി മരണക്കിടക്കയിലായിരുന്നു. നേരത്തേ വിവാഹിതയായിരുന്ന ഗ്രെയ്സ് ആ ബന്ധം വേർപെടുത്തി 1996 ൽ മുഗാബെയുടെ ഭാര്യയായി.

ഗ്രെയ്സിന്റെ രാഷ്ട്രീയപ്രവേശമാണ് എല്ലാം മാറ്റിമറിച്ചത്. ആഡംബരജീവിതവും വിവാദ ഇടപെടലുകളുംകൊണ്ടു ഗ്രെയ്സ് വാർത്ത സൃഷ്ടിച്ചിട്ടുണ്ട്.