Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധരാമയ്യക്കു വേണ്ടി ആംബുലൻസ് തടഞ്ഞു; രോഗി നടന്ന് ആശുപത്രിയിലെത്തി

siddaramaiah-car

ബെംഗളുരു∙ നേതാക്കളുടെ വിഐപി സംസ്കാരത്തിനെതിരെ കടുത്ത വിമർശനമുയരവേ, വീണ്ടും വിവാദത്തിൽപ്പെട്ട് കർണാടക മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു കടന്നുപോകാൻ ആംബുലൻസ് തടഞ്ഞെന്നാണു ആരോപണം. ഈ വർഷം മേയിലും സിദ്ധരാമയ്യ ഇതുപോലെ വിവാദത്തിൽപ്പെട്ടിരുന്നു.

മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലാണു സംഭവം. മുൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ തന്റെ വാഹനവ്യൂഹത്തിനു വേണ്ടി പൊലീസ് ആംബുലൻസുകൾ തടയരുതെന്നു സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. അതൊന്നും പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് നാഗമംഗലയിൽ ഒരു ഭാഗത്തെ ഗതാഗതം തടഞ്ഞിരുന്നു. ഈ സമയത്താണ് രോഗിയുമായി ആംബുലൻസ് എത്തിയത്. ആംബുലൻസിനെ കടത്തിവിടണമെന്നു മറ്റു വാഹനങ്ങളിലുള്ളവരും നാട്ടുകാരും ആവശ്യപ്പെട്ടു. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി കൊടുത്തില്ല. തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി പുറത്തിറങ്ങി 300 മീറ്റർ നടന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു.

വിഐപി സംസ്കാരത്തിന്റെ പേരിൽ മുൻപും സിദ്ധരാമയ്യ വിമർശിക്കപ്പെട്ടിട്ടുണ്ട്. 2015 ഓഗസ്റ്റ്, 2016 ജൂൺ, 2017 മേയ് മാസങ്ങളിലും ഇതുപോലെ സിദ്ധരാമയ്യക്കുവേണ്ടി ആംബുലൻസ് തടഞ്ഞിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്തെ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കി.

related stories