Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുച്ചേരിയിൽ നടി അമലയുടെ ‘വീട്’ ഒറ്റമുറി; ഫഹദിന്റെ വീടിന് അവകാശികൾ വേറെയും

fahadh-faasil-amala-paul

തിരുവനന്തപുരം∙ ആഡംബരക്കാറുകളുടെ നികുതി വെട്ടിക്കാൻ സിനിമാ മേഖലയിലുള്ളവരും വ്യവസായികളും മറ്റും നടത്തിയ തട്ടിപ്പുകൾ നേരിൽ കണ്ടു ഞെട്ടി മോട്ടോർ‍വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇൻഷുറൻസ് പോളിസി മുതൽ ജിഎസ്ടി റജിസ്ട്രേഷൻ വരെ ഉപയോഗിച്ചു തട്ടിപ്പുകൾ നടത്തിയാണു പല വാഹനങ്ങളും റജിസ്റ്റർ ചെയ്തിരിക്കുന്നത്.

റജിസ്ട്രേഷനുള്ള രേഖകൾ പ്രകാരം, പുതുച്ചേരി തിലാസ്പേട്ട് സെന്റ് തെരേസാസ് സ്ട്രീറ്റിൽ ആറാം നമ്പർ വീടാണ് നടി അമല പോളിന്റേത്. ഒരു വർഷമായി ഇവിടെ താമസിക്കുന്നുവെന്ന് അവർ പുതുച്ചേരി മോട്ടോർവാഹന വകുപ്പിനു സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കേരളത്തിൽനിന്നു പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കു കെട്ടിടയുടമ മൂന്നാം നിലയിലെ അമലയുടെ ‘അപ്പാർട്ട്മെന്റ്’ കാണിച്ചുകൊടുത്തു–ടെറസിന്റെ മൂലയിലെ ഒറ്റമുറി. അകത്തു ശുചിമുറി പോലുമില്ല. ഇപ്പോൾ താമസം പുതുച്ചേരിയിലാണെന്നു കാണിക്കാൻ ഈ മുറി വിലാസമാക്കി എടുത്ത ‌ഇൻഷുറൻസ് പോളിസി രേഖയാണു നൽകിയത്. ഒരു ലക്ഷം രൂപയുടെ പോളിസി എടുത്ത നടി 860 രൂപ അടച്ചു പുതുച്ചേരി വിലാസക്കാരിയായി. തട്ടിപ്പ് നടത്തിയവരെല്ലാം ഇൻ‍ഷുറൻസ് പോളിസിയെയാണു കൂട്ടുപിടിക്കുക. ഒരു ലക്ഷത്തിന്റെ പോളിസി എടുത്തശേഷം ഒരു ഗഡു അടയ്ക്കും. ചരക്ക്, സേവന നികുതി റജിസ്ട്രേഷൻ ഉപയോഗിച്ചാണു മറ്റു ചിലരുടെ തട്ടിപ്പ്.

പുതുച്ചേരി തിലാസ്പേട്ടിലെ തന്നെ പുതുപ്പെട്ട് സെക്കൻഡ് ക്രോസ് 16ൽ ആണ് നടൻ ഫദസ് ഫാസിലിന്റെ ‘വീട്’. രണ്ടുവർഷമായി താൻ ഇവിടെ താമസിക്കുന്നുവെന്നാണു ഫഹദിന്റെ സത്യവാങ്മൂലം. എന്നാൽ, നഗറിന്റെ പേരില്ലാത്തതിനാൽ വീട് കണ്ടുപിടിക്കാനാകില്ലെന്നു തദ്ദേശവാസികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. അന്വേഷണത്തിൽ, മുരുകേശൻ നഗറിലും ടഗോർ നഗറിലും ഈ വിലാസം കണ്ടെത്തി. മുരുകേശൻ നഗറിലെ വീട്ടിൽ തദ്ദേശവാസിയായ ഫെഡറിക്കും കുടുംബവുമാണു പത്തുവർ‍ഷമായി താമസിക്കുന്നത്. മാത്രമല്ല, ഇതേ വിലാസം ഉപയോഗിച്ചു ചങ്ങനാശേരി കളപ്പുറത്തു ഹൗസിൽ ടോമി തോമസും കാർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ടഗോർ നഗിലെ വീട് കണ്ടെത്തിയെങ്കിലും ഫഹദിനെക്കുറിച്ച് ആർക്കും അറിയില്ല. കോട്ടയം എംഎൽ റോഡിലെ കെ.ജാസ്മിനും ഈ വിലാസത്തിൽ കാർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നടൻ സുരേഷ് ഗോപി കാർ റജിസ്റ്റർ ചെയ്യാൻ ഹാജരാക്കിയ വിലാസത്തിലുള്ള വീടും പരിശോധിച്ചു. എല്ലപിള്ളൈ ചാവടി ഫീറ്റ് റോഡിലെ കാർത്തിക് അപ്പാർട്ട്മെന്റിൽ പോയപ്പോൾ അത് അടഞ്ഞുകിടക്കുന്നു. സമീപത്തെ താമസക്കാരിയോടു ചോദിച്ചപ്പോൾ വെങ്കിടേഷ് എന്നയാളാണു വർഷങ്ങളായി ഇവിടെ താമസിക്കുന്നത് എന്നറിഞ്ഞു. സിപിഎമ്മിന്റെ ജനരക്ഷാ യാത്രയ്ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ കാറും വ്യാജരേഖകൾ നൽകിയാണു പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തതെന്നു തെളിഞ്ഞു.