Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബ്ദാതിവേഗത്തിൽ ബ്രഹ്മോസ്–സുഖോയ് പരീക്ഷണം; ലോക നെറുകയിൽ ഇന്ത്യ

brahmos-missile

നാസിക്∙ മിസൈൽ പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്, സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽനിന്ന് വിജയകരമായി പരീക്ഷിച്ചു. ലോകത്ത് ആദ്യമായാണു ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇതോടെ ഇന്ത്യയ്ക്കു സ്വന്തമായി.

മഹാരാഷ്ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു ബ്രഹ്മോസ്– സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയും പങ്കാളികളായി. വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽപോലും ആക്രമണം നടത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാനഗുണം.

സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലിനു മണിക്കൂറിൽ 3200 കിലോമീറ്റർ വേഗമാണുള്ളത്. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങൾ സേനയ്ക്കു സ്വന്തമായുണ്ട്. അമേരിക്കയുടെ പക്കലുള്ള ക്രൂസ് മിസൈലിനേക്കാൾ മൂന്ന് മടങ്ങിലേറെ വേഗവും ഒൻപത് മടങ്ങ് ഗതികോർജവും ഉള്ളതാണ് ബ്രഹ്മോസ്. 600 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇതിൽ 400 കിലോമീറ്റർ വരെ പരീക്ഷണം നടത്തിയിട്ടുണ്ട്. ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും വെല്ലാൻ ലോകത്ത് വേറെ ക്രൂസ് മിസൈലുകളില്ല.

ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ മുൻനിര ‘പോരാളികളായ’ കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാൻ ശേഷിയുണ്ട്. മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ കപ്പലുകളിൽനിന്നു ബ്രഹ്മോസ് മിസൈലുകൾ തൊടുക്കാനാവും. ഒരേ സമയം വ്യത്യസ്ത ദിശകളിലേക്കു കൃത്യമായി അയക്കാനും കഴിയും.

െഎഎൻഎസ് കൊച്ചിയിൽനിന്ന് ഒരേ സമയം 16 മിസൈലുകൾ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ട് കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാനും ബ്രഹ്മോസിനു കഴിയും. കേരളത്തിലും ബ്രഹ്മോസിന്റെ ഭാഗങ്ങൾ നിർമിക്കുന്നുണ്ട് .ഇവ കൂട്ടിച്ചേർക്കുന്നത് ഹൈദരാബാദിലാണ്, പ്രവർത്തനക്ഷമമാക്കുന്നത് നാഗ്പൂരിലും.

കടലിൽനിന്നു മിതമായ കരയാക്രമണം നടത്താനുള്ള ശേഷി ഇന്ത്യൻ നാവികസേന 1971ലെ യുദ്ധത്തിൽതന്നെ തെളിയിച്ചിട്ടുണ്ട്. ചെറിയ മിസൈൽ ബോട്ടുകൾ ഉപയോഗിച്ച് അന്ന് നാവികസേന കറാച്ചി തുറമുഖം തകർത്തത്. എന്നാൽ തുറമുഖത്തോട് അടുത്തു ചെല്ലേണ്ടിവന്നു അന്ന് ആക്രമണം നടത്താൻ. ബ്രഹ്മോസ് നാവികസേനയിലെത്തുന്നതോടെ ദൂരെനിന്ന് ആക്രമണം സാധ്യമാകും.