Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയീദിനെ വിട്ടയച്ചതിനെതിരെ ഇന്ത്യ: പാക്കിസ്ഥാൻ രാജ്യാന്തര സമൂഹത്തെ വഞ്ചിക്കുന്നു

Pakistan Militant Leader Hafiz Saeed

ലഹോർ ∙ ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരവാദത്തിന്റെ കാര്യത്തിൽ രാജ്യാന്തര സമൂഹത്തെ പാക്കിസ്ഥാൻ കബളിപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളമാണ് കുപ്രസിദ്ധ ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന് ആവർത്തിക്കുന്ന പാക്കിസ്ഥാന്റെ വ്യാജമുഖമാണ് ഈ നീക്കത്തിലൂടെ വെളിവാകുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഭീകരവാദികൾക്ക് ഒരു തരത്തിലുമുള്ള സഹായം ലഭ്യമാക്കില്ലെന്നും പാക്ക് മണ്ണ് ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നുമുള്ള വാക്കു പാലിക്കാൻ തയാറാകണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒൻപതു വർഷം പൂർത്തിയാകാൻ നാലു ദിവസം മാത്രം അവശേഷിക്കെയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വിട്ടയയ്ക്കാനുള്ള നീക്കം. മറ്റു രാജ്യങ്ങൾക്കെതിരായ വിധ്വംസക പ്രവർത്തനങ്ങൾ തുടരാൻ ഭീകരർക്ക് പാക്കിസ്ഥാൻ തുടർന്നും സഹായം ചെയ്യുമെന്നതിന്റെ തെളിവാണ് ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്നും ഇന്ത്യ വിമർശിച്ചു.

ജനുവരി 31 മുതൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാഫിസ് സയീദിനെ വിട്ടയയ്ക്കാൻ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യൽ റിവ്യൂ ബോർഡാണ് ഉത്തരവിട്ടത്. ജമാഅത്തുദ്ദവയെ വിദേശ ഭീകരസംഘടനായി പ്രഖ്യാപിച്ച യുഎസിന്റെ സമ്മർദത്തെ തുടർന്നാണു സയീദിനെ വീട്ടുതടങ്കലിലാക്കിയത്. മുംബൈ ആക്രമണത്തിലുള്ള പങ്കാളിത്തം വ്യക്തമായതിനെ തുടർന്ന് ഇയാളുടെ തലയ്ക്ക് യുഎസ് ഒരുകോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയായ സയീദിനെയും അബ്ദുല്ല ഉബൈദ്, മാലിക് സഫർ ഇക്ബാൽ, അബ്ദുൽ റഹ്മാൻ ആബിദ്, ഖാസി ഖാഷിഫ് ഹുസൈൻ എന്നിവരെയും ജനുവരി 31നാണ് 90 ദിവസത്തെ വീട്ടുതടങ്കലിലാക്കിയത്. അതിനുശേഷം ഇതുവരെ ഇവർ തടങ്കലിലായിരുന്നു. ഇതിൽ അവസാനത്തെ രണ്ടു തവണ തടങ്കൽ നീട്ടിയതു പബ്ലിക് ഓർഡർ ഓർഡിനൻസ് പ്രകാരമാണ്.