Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദത്തിനു കാരണം മുൻകാല തെറ്റുകളെന്ന് ബിജെപി മന്ത്രി; വിവാദം

Sonowal-and-Himanta-Biswa-Sarma വിവാദ പ്രസ്താവന നടത്തിയ അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശർമ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനൊപ്പം. (ഫയൽ ചിത്രം)

ഗുവാഹത്തി ∙ അർബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങൾക്കു കാരണം ഓരോരുത്തരുടെയും മുൻകാല തെറ്റുകളാണെന്ന വിവാദ പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശർമ രംഗത്ത്. ഇതാണ് ദൈവീക നീതിയെന്നും (Divine Justice) ബിശ്വശർമ അഭിപ്രായപ്പെട്ടു. ബിശ്വശർമയുടെ പ്രസ്താനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നേതാക്കളും അർബുദ രോഗികളും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മുൻപ് കോൺഗ്രസ് എംഎൽഎയായിരുന്ന ബിശ്വശർമ 2015ൽ ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് ഇപ്പോഴത്തെ സർബാനന്ദ സോനോവാൾ മന്ത്രിസഭയിൽ അംഗമായി.

മന്ത്രിയുടെ വിവാദ പ്രസ്താവന ഇങ്ങനെ:

നാം തെറ്റു ചെയ്യുമ്പോഴാണ് ദൈവം നമുക്കു സഹനങ്ങൾ നൽകുന്നത്. ചിലർ ചെറുപ്രായത്തിൽ തന്നെ അപകടങ്ങളിൽ മരിക്കുന്നതും ചിലർക്ക് ചെറുപ്രായത്തിൽതന്നെ അർബുദം പോലുള്ള അസുഖങ്ങൾ വരുന്നതും നാം കാണാറുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ചാൽ ഇതു ദൈവീക നീതിയാണെന്നു നമുക്കു ബോധ്യമാകും. അതു നാം സഹിച്ചേ തീരൂ – ഹിമാന്ത ബിശ്വശർമ പറഞ്ഞു.

ഈ ജൻമത്തിലോ മുൻ ജന്‍മത്തിലോ നാം ചില തെറ്റുകൾ വരുത്തിയിരിക്കാം. അല്ലെങ്കിൽ നമ്മുടെ പൂർവികരാകും തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നാമും ചില സഹനങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഒരാളുടെ കർമഫലമാണിത്. ഇതേക്കുറിച്ച് ഭഗവത് ഗീതയിലും ബൈബിളിലും പരാമർശങ്ങളുണ്ട്. ഇതിൽ സങ്കടപ്പെട്ടിട്ടു കാര്യമില്ല. എല്ലാവർക്കും അവരുടെ കർമങ്ങൾക്ക് ഈ ജൻമത്തിൽത്തന്നെ ഫലം കിട്ടും. ഈ ദൈവീക നീതി എന്നും നിലനിൽക്കുന്നതാണ്. ഇതിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല – മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രിയുടെ പരാമർശങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് ദേബപ്രതാ സയ്ക്കിയ രംഗത്തെത്തി. അർബുദ രോഗികൾ ഉൾപ്പെടെയുള്ളവരെ വേദനിപ്പിക്കുന്ന ഇത്തരം പരാമർശം ആരോഗ്യമന്ത്രിയിൽനിന്ന് ഉണ്ടായത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റ് ഏറ്റുപറഞ്ഞ് പൊതുസമൂഹത്തോട് മന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.