Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് നേവിയുടെ വിമാനം കടലിൽ തകർന്നുവീണു; എട്ടു പേരെ രക്ഷിച്ചു

US-Navy-7th-Fleet യുഎസ് നേവിയുടെ ഏഴാം കപ്പൽപ്പട. ചിത്രം: യുഎസ് നേവി, ട്വിറ്റർ

ടോക്കിയോ ∙ യുഎസ് നേവിയുടെ വിമാനം കടലിൽ തകർന്നുവീണു. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 11 പേരുമായി പറന്ന വിമാനം ജപ്പാനു സമീപം പസിഫിക് സമുദ്രത്തിലാണു തകർന്നുവീണത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുഎസ് നേവി അറിയിച്ചു. മൂന്നു പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു.

യുഎസ് നേവി ഏഴാം കപ്പൽ‌പ്പടയുടെ (സെവൻത് ഫ്ലീറ്റ്) ഭാഗമായ സി2–എ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിദേശത്തുള്ള ഏറ്റവും വലിയ യുഎസ് നേവി കപ്പൽപ്പടയാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. ഈ വർഷം ഏഴാം കപ്പൽപ്പടയ്ക്ക് സംഭവിക്കുന്ന അഞ്ചാമത്തെ അപകടമാണിത്. യുഎസ്, ജപ്പാൻ സൈനികർ സംയുക്തമായാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

ജപ്പാൻ നേവിയുമായി ചേർന്ന് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് അപകടം. ഇവാകുനി മറൈൻ കോപ്സ് എയർ സ്റ്റേഷനിൽനിന്ന് പതിവുപറക്കലിന്റെ ഭാഗമായി യുഎസ്എസ് റൊണാൾഡ് റീഗനിലേക്കു പോകുമ്പോഴാണു വിമാനം തകർന്നതെന്നു യുഎസ് നേവി അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.