Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധിജിയെപ്പോലെ ‘നേടിയെടുക്കുക അല്ലെങ്കിൽ മരിക്കുക’: അണ്ണാ ഹസാരെ

Anna-Hazare

ജഗത്സിങ്പുർ (ഒഡീഷ)∙ കർഷകരെ നിരന്തരമായി അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ, മഹാത്മാ ഗാന്ധിയുടെ സമരശൈലിയായ ‘നേടിയെടുക്കുക അല്ലെങ്കിൽ മരിക്കുക’ പ്രയോഗിക്കാൻ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ ആഹ്വാനം. ശബ്ദം ഉയർത്തിയില്ലെങ്കിൽ നിങ്ങളെ കേൾക്കില്ല. ബ്രിട്ടിഷുകാരെ തുരത്താൻ ഗാന്ധിജി നടത്തിയ സമരാഹ്വാനമാണിത്. ലക്ഷക്കണക്കിനു പേരാണ് ഇതിനായി തെരുവിലിറങ്ങിയത്. ഇപ്പോൾ കർഷകർക്കും സമയമായിരിക്കുന്നു. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സമാന ശൈലിയിലുള്ള സമരവുമായി രംഗത്തെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഒഡീഷയിലെ ജഗത്സിങ്പുരിൽ ജയ് കിസാൻ സമാബേഷ് റാലിയിൽ പങ്കെടുക്കവെ അണ്ണാ സഹാരെ പറഞ്ഞു. നവനിർമാൺ കർഷക് സങ്കേതൻ ആണ് പരിപാടി നടത്തിയത്.

ഒഡീഷയിൽ ഈ വർഷം മാത്രം 12 കർഷകരാണ് ആത്മഹത്യ ചെയ്തത്. വിളനാശവും മറ്റുമാണ് കാരണങ്ങൾ. കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത കേന്ദ്ര – സംസ്ഥാന സർക്കാരുകളെ ഹസാരെ നിശിതമായി വിമർശിച്ചു. ശബ്ദം ഉയർത്തിയില്ലെങ്കിൽ നിങ്ങളെ ആരും കേൾക്കില്ല. ദേശീയ തലസ്ഥാനത്ത് ഒരു ധർണ ഇരിക്കാനും കർഷകർക്കുവേണ്ടി അഭ്യർഥിക്കാൻ കുറഞ്ഞത് എട്ടു സംസ്ഥാനങ്ങൾ എങ്കിലും സന്ദർശിക്കാനും അക്രമരഹിതമായ പ്രതിഷേധം സംഘടിപ്പിക്കാനും പദ്ധതിയിടുന്നതായും ഹസാരെ വ്യക്തമാക്കി. ഏതു സമരമാർഗം സ്വീകരിച്ചാലും അക്രമരാഹിത്യത്തിന്റെ പാത പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം ആദ്യം ധർണ ഇരിക്കാനാണു പദ്ധതി. കർഷകരുടെ അവകാശങ്ങൾക്കായും ലോക്പാൽ നിയമം ശരിയായി നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണു ധർണ. ഗാന്ധിജിയുടെ അക്രമരാഹിത്യം മുറികെപ്പിടിച്ചുവേണം സമരം നടത്താൻ. ഇല്ലെങ്കിൽ സർക്കാർ നിങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്തും. കർഷകർക്കു വിജയിക്കണമെങ്കിൽ അക്രമരഹിതമായ സമരമാർഗം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാധാനപരമായ സമരങ്ങളിലൂടെ അഴിമതിക്കാരായ എട്ട് മന്ത്രിമാരെ രാജിവയ്പ്പിക്കുന്നതിൽ താൻ വിജയിച്ചുവെന്നും ഹസാരെ അറിയിച്ചു. രാജ്യമെങ്ങും ജയിലുകളിൽ ഇടമില്ലാതെ വരണം. രാജ്യത്തിനുവേണ്ടി ജയിലിൽ കിടക്കുന്നതു മോശം കാര്യമല്ല, അത് അഭിമാനമാണ്. തങ്ങളുടെ ഉത്പന്നങ്ങൾക്കു കൃത്യമായ വില ലഭിക്കാൻ കർഷകർ ആവശ്യപ്പെടണമെന്നും 60 വയസ്സു കഴിഞ്ഞാൽ പെൻഷന് അർഹത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമയത്തു കർഷകർക്കു വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അധികാരത്തിൽ കയറിയപ്പോൾ അദ്ദേഹം അതെല്ലാം മറന്നുപോയി. ഇപ്പോൾ സർക്കാരിന് ഇക്കാര്യത്തിൽ അന്ധതയും കേൾവിയില്ലായ്മയുമാണ്, ഹസാരെ വ്യക്തമാക്കി.