Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷസ് പരമ്പര: ഇംഗ്ലണ്ടിനെതിരെ ഓസീസിന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം

Cameron Bancroft and David Warner

ബ്രിസ്ബെയ്ൻ∙ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. സ്കോർ: ഇംഗ്ലണ്ട് 302, 195; ഓസ്ട്രേലിയ 328, 173/0. കാമറൺ ബാൻക്രോഫ്റ്റ് 82 റൺസും ഡേവിഡ് വാർണർ 87 റൺസും നേടി പുറത്താകാതെ നിന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1–0 ത്തിനു മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ 141 റൺസെടുത്ത് ഓസ്ട്രേലിയയുടെ നെടുംതൂണായ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് മാൻ ഓഫ് ദ് മാച്ച്. ബാൻക്രോഫ്റ്റ് 182 പന്തിൽ ഒരു സിക്സും പത്തു ഫോറുകളുമുൾപ്പെടെയാണു 82 റൺസ് നേടിയത്. വാർണറുടെ 87 റൺസ് 119 പന്തിൽ പത്തു ഫോറുകളുൾപ്പെടെയാണ്.

തകർന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിങ്
നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 195ന് ഓസ്ട്രേലിയ പുറത്താക്കിയിരുന്നു. ഞായറാഴ്ച ലഞ്ചിനു ശേഷം കളി തുടങ്ങിയപ്പോൾ ഇംഗ്ലണ്ട് ബാറ്റിങ് നിര തകരുന്ന കാഴ്ചയാണുണ്ടായത്. അഞ്ചു വിക്കറ്റിന് 119 എന്ന നിലയിൽ നിന്ന് തുടരെ വിക്കറ്റുകൾ വീണു. 76 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ജോഷ് ഹാസ്‌ൽവുഡ്, മിഷെൽ സ്റ്റാർക്, നതാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ പതനം ഉറപ്പിച്ചു.

Ashes Test

ഓസീസിനായി വൻമതിൽ കെട്ടി സ്മിത്ത്
നേരത്തെ, ഗാബ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 302 റൺസ് പിന്തുടർന്ന ഓസീസ് 328 റൺസിന് പുറത്താവുകയായിരുന്നു. കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 141 റൺസുമായി പുറത്താകാതെ നിന്നു. 326 പന്തുകൾ നേരിട്ട സ്മിത്ത് 14 ബൗണ്ടറികളോടെയാണ് 141 റൺസെടുത്തത്. അവസാന വിക്കറ്റിൽ നഥാൻ ലയണിനൊപ്പം സ്മിത്ത് കൂട്ടിച്ചർത്ത 30 റൺസാണ് അവർക്ക് ലീഡ് സമ്മാനിച്ചത്. ലയൺ ഒൻപതു റൺസെടുത്തു.

Ashes Test

നേരത്തെ, എട്ടാം വിക്കറ്റിൽ പാറ്റ് കുമ്മിൻസിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സ്മിത്തിന്റെ പ്രകടനവും ഓസീസ് ഇന്നിങ്സിൽ നിർണായകമായി. 120 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 42 റൺസെടുത്ത കുമ്മിൻസിനെ ക്രിസ് വോക്സാണ് മടക്കിയത്. ജോഷ് ഹെയ്സൽവുഡ് 25 പന്തിൽ ആറു റൺസെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റ്യുവാർട്ട് ബ്രോഡ് മൂന്നും ആൻഡേഴ്സൻ, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നാലിന് 165 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഓസീസിന് 10 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും അഞ്ചാം വിക്കറ്റ് നഷ്ടമായി. അർധസെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഷോൺ മാർഷ് പുറത്ത്. 141 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 51 റൺസെടുത്ത മാർഷിനെ ബ്രോഡാണ് പുറത്താക്കിയത്. സ്കോർ 200 കടന്നതിനു പിന്നാലെ ആറാം വിക്കറ്റും നഷ്ടമായി. 42 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 13 റൺസെടുത്ത ടിം പെയിനിനെ ആൻഡേഴ്സൻ മടക്കി. അഞ്ചു പന്തിൽ ഒരു സിക്സ് നേടി കരുത്തു കാട്ടിയ മിച്ചൽ സ്റ്റാർക്കിനെ സ്റ്റ്യുവാർട്ട് ബ്രോഡ് സ്വന്തം ബോളിങ്ങിൽ പിടികൂടിയതോടെ ഓസീസ് അപകടം മണത്തു.

Ashes Test

എന്നാൽ, എട്ടാം വിക്കറ്റിൽ പാറ്റ് കുമ്മിൻസിനെ കൂട്ടുപിടിച്ച് ഓസീസ് നായകൻ പോരാട്ടം ഇംഗ്ലിഷ് ക്യാംപിലേക്കു നയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. യാതൊരു ധൃതിയും കൂടാതെ ക്രീസിൽ നിന്ന ഇരുവരും ഇംഗ്ലിഷ് ബോളർമാരുടെ ക്ഷമ പരീക്ഷിച്ചു. ഒടുവിൽ 261–ാം പന്തിൽ സ്റ്റീവ് സ്മിത്ത് സെഞ്ചുറിയിലക്കെത്തുമ്പോൾ, അത് താരത്തിന്റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയായി. 1993നു േശഷം ആഷസ് പരമ്പരയിൽ പിറക്കുന്ന ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയും ഇതുതന്നെ.