Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ഉപദ്രവിച്ച കേസ്: വെല്ലുവിളിയാകും കിട്ടാത്ത തെളിവുകൾ

pulsar-suni-arrest-paper-cutting

കൊച്ചി ∙ നിർണായകമാകുന്ന പല തെളിവുകളും നശിപ്പിക്കപ്പെട്ടതു വിചാരണവേളയിൽ പ്രൊസിക്യൂഷനു വെല്ലുവിളിയാകും. നശിപ്പിക്കപ്പെട്ടവയെല്ലാം ഡിജിറ്റൽ തെളിവുകളെക്കുറിച്ചു കുറ്റപത്രത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട നിർണായക തെളിവുകള്‍:

ദൃശ്യം പകർത്തിയ ഫോൺ
നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡുമാണ് ഇക്കൂട്ടത്തിൽ പ്രധാനം. കുറ്റപത്രത്തിൽ പറയുന്നതു പ്രകാരം, ഈ മൊബൈൽ ഫോൺ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് ഒന്നാം പ്രതി സുനിൽകുമാർ കൈമാറിയതു കോടതിയിൽ കീഴടങ്ങാനെത്തിയ ദിവസം രാവിലെയാണ്. വസ്ത്രമടങ്ങിയ ബാഗിനൊപ്പമാണ്, മെമ്മറി കാർഡ് ഉൾപ്പെടെ മൊബൈൽ ഫോൺ കൈമാറിയത്. ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോ ജൂനിയറായ രാജു ജോസഫിനെ ഏൽപിച്ചു.

നാലര മാസത്തോളം കൈവശം വച്ചശേഷം രാജു ഇവ നശിപ്പിച്ചെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ഫോണും മെമ്മറി കാർഡും റോഡരികിൽ ഉപേക്ഷിച്ചെന്നും കായലിൽ ഉപേക്ഷിച്ചെന്നുമുള്ള പല കഥകൾ മെനഞ്ഞ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഒന്നാം പ്രതി അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. മെമ്മറി കാർഡിൽനിന്നു പകർത്തിയ ദൃശ്യങ്ങൾ അന്വേഷണത്തിനിടെ പൊലീസിനു ലഭിച്ചെങ്കിലും യഥാർഥ മെമ്മറി കാർഡും ഫോണും കണ്ടെടുക്കാനാകാത്തതു ദോഷകരമായി ബാധിച്ചേക്കാം.

മാർട്ടിന്റെ സിംകാർഡ്
രണ്ടാം പ്രതി മാർട്ടിന്റെ ഫോണിലെ സിംകാർഡും നശിപ്പിക്കപ്പെട്ടു. നടിയെ ഉപദ്രവിച്ചവർ തന്റെ സിം കാർഡ് ഊരിയെടുത്തെന്നായിരുന്നു രണ്ടാം പ്രതിയും നടിയുടെ കാറിന്റെ ഡ്രൈവറുമായ മാർട്ടിന്റെ നിലപാട്. എന്നാൽ, കുറ്റകൃത്യത്തിൽ തന്റെ പങ്ക് പുറത്താകുമെന്ന ഘട്ടത്തിൽ സിം കാർഡ് മാർട്ടിൻ നശിപ്പിച്ചുവെന്നു കുറ്റപത്രത്തിൽ പറയുന്നു. പടമുഗളിലെ ലാൽ ക്രിയേഷൻസിന്റെ ഡ്രൈവേഴ്സ് ക്വാർട്ടേഴ്സിനു സമീപത്തെ ശുചിമുറിയാണ് ഇതിനായി തിരഞ്ഞെടുത്തത്. സിം കാർഡ് ക്ലോസറ്റിൽ ഇട്ടശേഷം ഫ്ലഷ് ചെയ്യുകയായിരുന്നു. തൃശൂരിൽനിന്നു നടിയുമായി കൊച്ചിയിലേക്കുള്ള യാത്രയിൽ മാർട്ടിനെ സുനിൽ വിളിച്ചതും സന്ദേശങ്ങളയച്ചതും ഈ സിം കാർഡിലേക്കായിരുന്നു.

സുനിലിന്റെ ശബ്ദരേഖ
മാപ്പുസാക്ഷിയായ പൊലീസുകാരൻ പി.കെ.അനീഷിന്റെ ഫോണിലെ ശബ്ദരേഖ നശിപ്പിക്കപ്പെട്ട പ്രധാന തെളിവുകളിൽ ഒന്നാണ്. ഒന്നാം പ്രതി ആലുവ പൊലീസ് ക്ലബ്ബിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ സുരക്ഷാച്ചുമതല അനീഷിനുണ്ടായിരുന്നു. മാർച്ച് മൂന്നിനു ശബ്ദസന്ദേശം റെക്കോർഡ് ചെയ്യാനായി തന്റെ ഫോൺ അനീഷ് സുനിൽകുമാറിനു നൽകി. ഈ ഫോണിൽ എട്ടാംപ്രതി ദിലീപിനുള്ള ശബ്ദസന്ദേശം റെക്കോർഡ് ചെയ്ത സുനിൽകുമാർ ഇത് അനീഷിനെ കേൾപ്പിച്ചുകൊടുക്കുകയും ചെയ്തു. സുനിൽകുമാറിനു വേണ്ടി ഈ ശബ്ദരേഖ ദിലീപിന് എത്തിച്ചുകൊടുക്കാൻ ശ്രമം നടത്തി. ശബ്ദസന്ദേശം റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് പൊലീസുകാരനായ അനീഷ് തന്നെ നശിപ്പിച്ചുകളഞ്ഞെന്നു കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചനയിൽ സുനിൽകുമാറിനെയും ദിലീപിനെയും ബന്ധപ്പെടുത്തുന്ന വിലപ്പെട്ട തെളിവുകളിലൊന്നാണ് ഇല്ലാതായത്.

related stories