Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ബിജെപിക്ക് പുതുവർഷം അഴിച്ചുപണി; രാജ്യസഭയിലേക്ക് കേരള നേതാക്കളെ പരിഗണിച്ചേക്കും

bjp-logo

ന്യൂഡൽഹി∙ പുതുവർഷത്തോടെ ബിജെപി കേരള ഘടകത്തിൽ സമഗ്ര അഴിച്ചുപണിയുണ്ടാകും. ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ അനുനയിപ്പിക്കാനും മറ്റു കക്ഷികളിൽ നിന്നുള്ള നേതാക്കളെ ബിജെപിയിലെത്തിക്കാനും ഊർജിത ശ്രമവും ജനുവരിയോടെയുണ്ടാകും.

2019ൽ തുറന്നില്ലെങ്കിൽ പിന്നെയില്ല

ബിജെപിക്കു 2019ൽ കേരളത്തിൽ നിന്നു ലോക്സഭാ സീറ്റ് നേടാനായില്ലെങ്കിൽ പിന്നെയൊരിക്കലും അതുണ്ടാകില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്ഷം. കേരള വിഷയം ചർച്ച ചെയ്ത എൻഡിഎ നേതാക്കളോടു മോദി തന്നെ തുറന്നു പറഞ്ഞതാണിത്.

കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന 2019ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള തീവ്രശ്രമം നടത്താനാണു മോദിയുടെ നിർദേശം.

നേതാക്കളെ കിട്ടുമോ?

ബിജെപി സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്ന വിലയിരുത്തലിൽ കോൺഗ്രസിൽ നിന്നു ജനപിന്തുണയുള്ള ചില നേതാക്കളെ അടർത്തിയെടുക്കുകയെന്നതാണ് അമിത് ഷായുടെ തന്ത്രം. കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ തന്നെ സംസ്ഥാന ചുമതലയേറ്റെടുക്കും. നിലവിൽ സംസ്ഥാന പ്രഭാരിയായി ദേശീയ സെക്രട്ടറിയെ നിയോഗിച്ചിരിക്കുന്നതിനു പകരമായി ദേശീയ ജനറൽ സെക്രട്ടറിയെ തന്നെ പ്രഭാരിയുമാക്കും.

കേരളത്തിലെ എൻഡിഎ ഉപാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഔപചാരികമായി ബിജെപിയിൽ ചേരാനും ദേശീയ നേതൃത്വത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്. നിലവിൽ സ്വതന്ത്ര എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ രാജ്യസഭാ കാലാവധി ഏപ്രിലിൽ അവസാനിക്കും. അടുത്ത ടേമിൽ ബിജെപി അംഗമായാകും അദ്ദേഹം രാജ്യസഭയിലെത്തുക.

അനുനയ മാർഗം

വാഗ്ദാനം ചെയ്ത കേന്ദ്രപദവികൾ വൈകിയതിൽ പ്രതിഷേധിച്ച് ഇനി പദവികൾ സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ച ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള നടപടികളും പുതുവർഷത്തിലുണ്ടാകും. ബിഡിജെഎസ് മുന്നണി വിടുന്ന സാഹചര്യമുണ്ടാക്കില്ലെന്ന നിലപാടാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്.

ബിഡിജെഎസിനു കേന്ദ്രത്തിൽ ആകർഷകമായ പദവികൾ ലഭിക്കുമെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിലിൽ യുപിയിൽ ഒഴിവു വരുന്ന ഏഴു രാജ്യസഭാ സീറ്റുകളിൽ ഉൾപ്പെടെ കേരളത്തിലെ ബിജെപി, ബിഡിജെഎസ് നേതാക്കൾക്കു പരിഗണന ലഭിക്കും.

കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രാതിനിധ്യം വർധിക്കാനും സാധ്യതയേറെയാണ്.

related stories