Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയിനും പൂജാരയ്ക്കും സെഞ്ചുറി, കോഹ്‍ലിക്ക് അർധസെഞ്ചുറി; ലീഡ് 107

Vijay-Pujara മുരളി വിജയ്, ചേതേശ്വർ പൂജാര

നാഗ്പുർ ∙ ഓപ്പണർ മുരളി വിജയിന്റെ 10–ാം ടെസ്റ്റ് സെഞ്ചുറിക്കു പിന്നാലെ 14–ാം ടെസ്റ്റ് സെഞ്ചുറിയുമായി ചേതേശ്വർ പൂജാരയും അതിവേഗ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും അവതരിച്ചതോടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു മേൽക്കൈ. രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടിന് 312 റൺസ് എന്ന നിലയിലാണ് ഇന്ത്യ. പൂജാര 121 റൺസോടെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലി 54 റൺസോടെയും ക്രീസിലുണ്ട്. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 96 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ത്യയ്ക്കിപ്പോൾ 107 റൺസിന്റെ ലീഡുണ്ട്. ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 205നു പുറത്തായിരുന്നു.

253 പന്തിൽ 11 ബൗണ്ടറികളോടെയാണ് പൂജാര 14–ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്. ഇതുവരെ 284 പന്തുകൾ നേരിട്ട പൂജാര 13 ബൗണ്ടറികളോടെയാണ് 121 റൺസെടുത്തത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാകട്ടെ 70 പന്തിൽ ആറു ബൗണ്ടറികളോടെ 54 റൺസെടുത്തും ക്രീസിലുണ്ട്.

ചേതേശ്വർ പൂജാരയുടെ ബാറ്റിങ്ങിൽനിന്ന്

ലങ്കയെ വലച്ച് പൂജാര–വിജയ് കൂട്ടുകെട്ട്

പത്താം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയ ഓപ്പണർ മുരളി വിജയും പൂജാരയും ചേർന്ന് രണ്ടാം വിക്കറ്റിൽ തീർത്ത ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് രണ്ടാം ദിനത്തിലെ ഹൈലൈറ്റ്. ഇരുവരും ചേർന്ന് 209 റൺസ് കൂട്ടിച്ചേർത്തു. 221 പന്തിൽ 11 ഫോറുകളും ഒരു സിക്സറും പറത്തിയ വിജയ് 128 റൺസെടുത്താണ് പുറത്തായത്. രംഗണ ഹെറാത്തിനാണ് വിക്കറ്റ്.

കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ പൂജാര–വിജയ് സഖ്യത്തിന്റെ അഞ്ചാം െസഞ്ചുറി കൂട്ടുകെട്ടാണിത്. 102, 178, 107, 16, 209 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിൽ വിജയ്–പൂജാര സഖ്യത്തിന്റെ പ്രകടനം. ഇന്ത്യൻ മണ്ണിൽ ഇരുവരും ചേർന്നുള്ള 22 കൂട്ടുകെട്ടുകളിൽ ഒൻപതാം സെഞ്ചുറി കൂട്ടുകെട്ടാണിത്. അതേസമയം, വിദേശത്തെ 16 കൂട്ടുകെട്ടുകളിൽ ഇരുവർക്കും ഒരു സെഞ്ചുറി കൂട്ടുകെട്ട് മാത്രമേയുള്ളൂ.

ഒന്നിനു 11 എന്ന നിലയിലാണ് ഇന്ത്യ ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. 13 പന്തിൽ ഏഴു റൺസുമായി മടങ്ങിയ ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യൻ നിരയിൽ പുറത്തായ ഏക ബാറ്റ്സ്മാൻ.

സ്പിന്നിൽ കറങ്ങി ലങ്ക വീണു

അശ്വിനും ജഡേജയും വീണ്ടും ലങ്കൻ വേട്ട തുടങ്ങി ! ഇടക്കാലത്ത് ഒന്നു പതുങ്ങിയ ഇരുവരും കറങ്ങിത്തിരിയുന്ന പന്തുമായി വീണ്ടും പിച്ചിലേക്കു തിരിച്ചെത്തിയപ്പോൾ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്കു മേൽക്കൈ. ഇന്ത്യൻ ബോളർമാർക്കു മുന്നിൽ തകർന്ന ലങ്ക ഒന്നാം ഇന്നിങ്സിൽ 205 റൺസിനു പുറത്തായി. അശ്വിൻ നാലും ജഡേജയും ഇഷാന്ത് ശർമയും മൂന്നും വീതം വിക്കറ്റും വീഴ്ത്തി. നാലിന് 160 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ലങ്കയ്ക്ക് അവസാന സെഷനിൽ 45 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച ആറു വിക്കറ്റുകളും നഷ്ടമായി.

ഈഡൻ ഗാർഡൻസിലെ ആദ്യ ടെസ്റ്റിലെ പിച്ചിനെക്കാൾ ബാറ്റിങ്ങിന് അനുകൂലമായിട്ടും അമിത പ്രതിരോധത്തിലൂന്നിയാണ് ലങ്കൻ ബാറ്റ്സ്മാൻമാർ കളിച്ചത്. നാല് സ്പെഷലിസ്റ്റ് ബോളർമാരുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി നടത്തിയ പരീക്ഷണം ഫലിച്ചു. ശ്രീലങ്കയുടെ ദുർബലമായ പ്രതിരോധത്തെ ഇന്ത്യ കീറിമുറിച്ചു. ഇന്ത്യൻ സ്പിന്നർമാർക്ക് വിക്കറ്റ് കിട്ടാത്ത ആദ്യ ടെസ്റ്റ് എന്ന ദുഷ്പേര് ടീം ഈഡൻഗാർഡനിൽ നേടിയെങ്കിൽ നാഗ്പുരിൽ ആദ്യ ദിനം സ്പിന്നർമാർ ഏഴു വിക്കറ്റെടുത്തു. ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ (57) മാത്രമാണ് ലങ്കൻ ഇന്നിങ്സിൽ പിടിച്ചുനിന്നത്. രണ്ട് തവണ ഭാഗ്യം കടാക്ഷിച്ച ഓപ്പണർ ദിമുത് കരുണരത്നെയും 51 റൺസുമായി പിടിച്ചുനിന്നു.

ചായയ്ക്കു ശേഷം ടീം നിലയുറപ്പിച്ചപ്പോൾ അനാവശ്യ ഷോട്ടിനു ശ്രമിച്ച് നിരോഷൻ ഡിക്‌വെല്ലയും വീണു. ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ടീമിൽ തിരിച്ചെത്തിയ ഇഷാന്തിന് തന്റെ മികവ് തെളിയിക്കാനായി. ഡാസൻ ഷനകയെ വീഴ്ത്തിയ അശ്വിന്റെ പന്ത് ഉജ്വലമായി. ലഞ്ചിനു ശേഷം 32 ഓവറിൽനിന്നാണ് ശ്രീലങ്ക 104 റൺസുമായി പിടിച്ചുകയറിയത്. എന്നാൽ ഡിക്‌വെല്ല മടങ്ങിയതോടെ ചെറുത്തുനിൽപ്പും ദുർബലമായി.

റെക്കോർഡിനരികെ അശ്വിൻ

അൻപത്തിനാല് ടെസ്റ്റിൽനിന്ന് ഇന്ത്യയുടെ അശ്വിന് 296 വിക്കറ്റുകൾ. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റുകൂടി വീഴ്ത്തിയാൽ കുറഞ്ഞ ടെസ്റ്റുകളിൽനിന്ന് 300 വിക്കറ്റെടുത്ത താരം എന്ന ബഹുമതി അശ്വിന് സ്വന്തമാക്കാം. 56 ടെസ്റ്റിൽനിന്ന് 300 വിക്കറ്റെടുത്ത ഓസ്ട്രേലിയയുടെ ഡെന്നിസ് ലിലിയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്.

related stories