Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ കുട്ടികൾക്കു നേരെ ലൈംഗിക പീഡനം, അജ്ഞാത മരുന്നുപ്രയോഗം

Representative Image Child Abuse Representative Image

ബെയ്ജിങ്∙ ചൈനയിൽ കിന്റർഗാർട്ടനിലെ കുഞ്ഞുങ്ങൾക്കു നേരെ ലൈംഗികാതിക്രമവും മരുന്നുപരീക്ഷണവും നടന്നതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു വനിതകളെ പൊലീസ് അറസ്റ്റു ചെയ്തു. നവജാത ശിശുക്കൾ മുതൽ ആറു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായുള്ള ചൈനയിലെ പ്രശസ്ത ആർവൈബി എഡ്യുക്കേഷൻ ന്യൂ വേൾഡ് കിന്റർഗാർട്ടന്റെ കാവ്‌യാങ് ജില്ലയിലെ സെന്ററിലാണു സംഭവം.

കുട്ടികളുടെ ശരീരഭാഗങ്ങളിൽ സൂചി കൊണ്ടു കുത്തിയ പാടുകൾ കണ്ടതിനെത്തുടർന്ന് മാതാപിതാക്കൾ പരാതി നൽകിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. അജ്ഞാത മരുന്നുകൾ കുട്ടികൾക്ക് നൽകിയതായും കണ്ടെത്തി. കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവാ റിപ്പോർട്ട് ചെയ്തു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. രാജ്യമെമ്പാടുമുള്ള കിന്റർഗാർട്ടനുകളിലും അടിയന്തരമായി പരിശോധന ശക്തമാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ലിയു എന്ന ഇരുപത്തിരണ്ടുകാരി അധ്യാപികയാണ് അറസ്റ്റിലായവരിൽ ഒരാൾ. ഇവർക്കു കീഴിലുള്ള കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. അതേസമയം ചൈനയിലെ പട്ടാളക്കാരാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന വാർത്തയും ഓൺലൈനിൽ പ്രചരിക്കുകയാണ്.

സംഭവം നടന്ന കിന്റർഗാർട്ടനു സമീപമാണ് ചൈനയിലെ വലിയ മിലിട്ടറി ക്യാംപുകളിലൊന്ന്. ഇവിടത്തെ ഉദ്യോഗസ്ഥരും പീഡനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോർട്ട്. എന്നാൽ ഈ വാർത്ത പ്രചരിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച മുപ്പത്തിയൊന്നുകാരി അറസ്റ്റിലായി. ഓൺലൈൻ വഴി തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. ചൈനീസ് സേനയിലെ ‘ടൈഗർ ഗ്രൂപ്പ്’ എന്ന വിഭാഗമാണ് കുട്ടികളെ പീഡിപ്പിച്ചതെന്നായിരുന്നു സമൂഹമാധ്യമമായ വി ചാറ്റിലൂടെ ലിയു എന്ന ഈ പെൺകുട്ടി പ്രചരിപ്പിച്ചത്.

സൈനികർ പീഡനത്തിനു പിന്നിൽ പ്രവർത്തിച്ചതായി തെളിവില്ലെന്നു സർക്കാരും വ്യക്തമാക്കി. പീഡന വാർത്ത പുറത്തെത്തിയതിനെ തുടർന്ന് കാവ്‌യാങ്ങിലെ കിന്റർഗാർട്ടന്റെ മേധാവിയെ പുറത്താക്കാൻ പ്രാദേശിക സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആർവൈബി എഡ്യുക്കേഷനു കീഴിൽ ചൈനയിൽ 80 കിന്റർഗാർട്ടനുകളുണ്ട്. നേരിട്ടല്ലാതെ ഈ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ 175 കിന്റർഗാർട്ടനുകൾ വേറെയുമുണ്ട്.

കിന്റർഗാർട്ടനുകളിലെ പീഡനത്തിന്റെ പേരിൽ നേരത്തെയും ആർവൈബി നിയമക്കുരുക്കിൽ പെട്ടിട്ടുണ്ട്. കുട്ടികളെ മർദിക്കുന്നതിന്റെ വലിച്ചെറിയുന്നതിന്റെയും വിഡിയോകൾ പുറത്തെത്തിയതിനെത്തുടർന്ന് ബെയ്ജിങ്ങിലെ കിന്റർഗാർട്ടൻ മേധാവിയെ പുറത്താക്കി അടുത്തിടെ മാപ്പു പറഞ്ഞിരുന്നു.

കുട്ടികളെ സൂചി കൊണ്ട് തലയിലും വായിലും കാലിലും കുത്തിയതിന് രണ്ട് അധ്യാപകർ 34 മാസത്തെ തടവുശിക്ഷ നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഈ സംഭവം.

related stories