Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധം അടിച്ചമർത്താൻ സാധിക്കാതെ പാക്ക് സർക്കാർ; ഇന്ത്യക്കെതിരെയും ആരോപണം

Pakistan Islamist Rally പാക്കിസ്ഥാനിൽ നടക്കുന്ന പ്രതിഷേധത്തിനിടെ വാഹനത്തിനു തീയിട്ടപ്പോൾ. ചിത്രം: എപി

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രി അഹ്സൻ ഇഖ്ബാൽ. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തു പ്രതിഷേധ പ്രകടനം നടത്തുന്ന തീവ്ര മതനിലപാടുള്ള പാർട്ടികളിലെ നേതാക്കൾ ‘ഇന്ത്യയുമായി ബന്ധപ്പെട്ടെന്നാണ്’ മന്ത്രിയുടെ ആരോപണം. ഇതെന്തിനായിരുന്നുവെന്ന് അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

എന്നാൽ ആരോപണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മന്ത്രി പുറത്തുവിട്ടില്ല. അതേസമയം രാജ്യത്തു തുടരുന്ന പ്രതിഷേധം പിടിച്ചു നിർത്താൻ സർക്കാരിനായിട്ടില്ല. ഇസ്‌ലാമാബാദിനും ലഹോറിനും ശേഷം കറാച്ചിയിലേക്കും പെഷവാറിലേക്കും സംഘർഷം പടർന്നു. രാജ്യത്ത് സ്വകാര്യ ചാനലുകൾക്കും സമൂഹമാധ്യമങ്ങൾക്കും വിലക്ക് തുടരുകയാണ്.

സാധാരണക്കാരായ ജനങ്ങളല്ല പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്ന് ‘ഡോൺ ന്യൂസി’നു നൽകിയ അഭിമുഖത്തിൽ മന്ത്രി അഹ്സൻ പറഞ്ഞു. പൊലീസിനു നേരെ പ്രതിഷേധക്കാർ കണ്ണീർ വാതകം പ്രയോഗിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ക്യാമറകളുടെ കേബിളുകൾ മുറിച്ചു മാറ്റുന്നു. രാജ്യത്തിനെതിരെ പ്രവർത്തിക്കാനുള്ള വിവരങ്ങളും സഹായവും ഇവിടെ നിന്നു തന്നെ പ്രതിഷേധക്കാർക്കു ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രൂക്ഷമായി പ്രതിഷേധം

പാക്കിസ്ഥാനിൽ സർക്കാരിനെതിരെ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. കോടതി ഉത്തരവിനെത്തുടർന്ന് പ്രതിഷേധക്കാരെ അടിച്ചമർത്താൻ പൊലീസും സൈന്യവും രംഗത്തെത്തിയതോടെ ലഹോറിലെ തെരുവുകൾ യുദ്ധസമാനമായി. തലസ്ഥാനമായ ഇസ്‌ലാമാബാദിലും പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അക്രമത്തിൽ ഒരു സുരക്ഷാഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നൂറ്റിഅൻപതിലേറ പേർക്കു പരുക്കേറ്റു.

Pakistan Islamist Rally പാക്കിസ്ഥാനിൽ നടക്കുന്ന പ്രതിഷേധ റാലികളിൽനിന്ന്

പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പൊലീസ് വാഹനങ്ങൾക്കു തീയിട്ടും കല്ലേറു നടത്തിയും പ്രതിഷേധക്കാർ രംഗത്തുണ്ട്. സ്വകാര്യ ടെലിവിഷൻ ചാനലുകളെ പ്രതിഷേധ രംഗങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നു സർക്കാർ വിലക്കി. ഫെയ്സ്ബുക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി. പ്രതിഷേധം പടരുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണു സർക്കാർ ഭാഷ്യം.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായി പൊലീസ് അറിയിച്ചു. വൻ പൊലീസ് സന്നാഹമാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. റോഡുമാർഗം യാത്ര ഒഴിവാക്കണമെന്നു ഷെരീഫിനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമൊത്ത് നവാസ് ഷെരീഫ് അതിനിടെ കൂടിക്കാഴ്ച നടത്തി. തുടർന്നായിരുന്നു ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയത്.

തിരിച്ചടിച്ചത് ‘ഭേദഗതി’

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇലക്ഷൻസ് ആക്ടിൽ വരുത്തിയ ഭേദഗതിയാണ് സർക്കാരിനു തിരിച്ചടിയായത്. സത്യപ്രതിജ്ഞ ചടങ്ങിൽ വിശ്വാസം വെളിപ്പെടുത്തുന്നതു സംബന്ധിച്ച അടിച്ചേൽപ്പിക്കലാണുണ്ടായിരിക്കുന്നതെന്ന് ആരോപിച്ചാണ് തീവ്രപക്ഷ പാർട്ടിക്കാരുടെ പ്രതിഷേധം.നിയമമന്ത്രി സാഹിദ് ഹമീദ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ ഇസ്‌ലാമാബാദ് എക്സ്പ്രസ്‌വേ ഉപരോധിക്കുകയാണ്. ഇസ്‌ലാമാബാദിനെ റാവൽപിണ്ടിയുമായി ബന്ധിപ്പിക്കുന്ന റോഡും പ്രതിഷേധക്കാരുടെ പിടിയിലായിരുന്നു.

ഉപരോധം തുടർന്നതോടെ ഇസ്‌ലാമാബാദ് ഹൈക്കോടതി വെള്ളിയാഴ്ച പ്രശ്നത്തിലിടപെട്ടു. 24 മണിക്കൂറിനകം പ്രതിഷേധക്കാരെ നീക്കണമെന്നായിരുന്നു നിർദേശം. എന്നിട്ടും സർക്കാർ നിശബ്ദത പാലിച്ചതോടെ ആഭ്യന്തരമന്ത്രി അഹ്സൻ ഇഖ്ബാലിനെതിരെ കോടതിയലക്ഷ്യ നടപടികളിലേക്കു നീങ്ങി. അതോടെയാണ് രണ്ടായിരത്തോളം വരുന്ന പ്രതിഷേധക്കാരെ നേരിടാൻ എണ്ണായിരത്തിലേറെ സുരക്ഷാഉദ്യോഗസ്ഥരെ രംഗത്തിറക്കിയത്. ഫൈസാബാദിൽ കഴിഞ്ഞ 20 ദിവസമായി കുത്തിയിരിപ്പു നടത്തുകയായിരുന്ന പ്രതിഷേധക്കാരെ ശനിയാഴ്ച രാവിലെ പൊലീസും അർധസൈനിക വിഭാഗവും ഒഴിവാക്കുന്നതിനിടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു. വൈകാതെ ഇത് ലഹോറിലേക്കും പടർന്നു.

ഷഹ്ദാരയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതിഷേധക്കാർ വാഹനങ്ങൾക്കു തീയിട്ടു. നൂറുകണക്കിനു പ്രതിഷേധക്കാർ വളഞ്ഞതിനെത്തുടർന്ന് പൊലീസുകാർ സ്റ്റേഷനകത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി സൈന്യത്തെ അയച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ലഹോർ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ലഹോറിലേക്കുള്ള എല്ലാ റോഡുകളിലും റയിൽവേ ലൈനുകളിലും പ്രതിഷേധക്കാർ ഉപരോധം തുടരുന്നു. ലഹോറിലെ ജനങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്. മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും സമ്പൂർണ വിലക്കായതിനാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നുമില്ല.