Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈജിപ്ത് ആക്രമണത്തെ അപലപിച്ച് ലോകം; ഭീകരവാദം തുടച്ചുനീക്കുമെന്ന് ട്രംപ്

Donald Trump

വാഷിങ്ടൺ ∙ ഇരുനൂറിലധികം വിശ്വാസികളുടെ മരണത്തിനിടയാക്കി ഈജിപ്തിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയും ലോക നേതാക്കൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു.

ഇത്തരം ക്രൂരമായ ഭീകര സംഘടനകളെ ആഗോള സമൂഹം വച്ചുപൊറുപ്പിക്കില്ലെന്ന് ട്രംപ് പ്രതികരിച്ചു. യുഎസ് ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ ഇതിനെ ശക്തമായി എതിർക്കും. ഭീകരവാദം ചെറുക്കുന്നതിൽ ഈജിപ്തിന് എല്ലാവിധ സഹായങ്ങളും യുഎസ് നൽകുമെന്നും ട്രംപ് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ സീസിയെ അറിയിച്ചു.

അതേസമയം, അത്യന്തം പൈശാചികവും ഞെട്ടൽ ഉളവാക്കുന്നതുമാണ് ഈജിപ്തിലെ സംഭവമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. പരുക്കേറ്റ എല്ലാവരും എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെ. അത്യന്തം പവിത്രവും ജനങ്ങൾ സുരക്ഷിതരെന്ന് വിശ്വസിക്കുന്നതുമായ ആരാധനാലയത്തിലാണ് ആക്രമണം നടന്നതെന്നത് അതിന്റെ ആഴം വർധിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ കാനഡ എല്ലാ തരത്തിലുള്ള സഹായങ്ങളും ഈജിപ്തിന് വാഗ്ദാനം ചെയ്യുന്നതായും ട്രൂഡോ വ്യക്തമാക്കി. സംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും അനുശോചനം രേഖപ്പെടുത്തി.

ഈജിപ്തിലെ വടക്കൻ പ്രദേശമായ സിനായിലെ മുസ്ലീം പള്ളിക്ക് നേരെ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിൽ 235 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ക്ക് നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു.