Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ 70 വർഷം ശ്രമിച്ചിട്ട് നടന്നില്ല; മൂന്നു വർഷംകൊണ്ട് ബിജെപി സാധിച്ചു: കേജ്‌രിവാൾ‌

Kejriwal-Modi

ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് കഴിഞ്ഞ 70 വർഷം കൊണ്ട് സാധിക്കാത്തത് വെറും മൂന്നു വർഷം കൊണ്ട് സാധിച്ചവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാജ്യത്തെ ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെന്ന് കേജ്‌രിവാൾ വിമർശിച്ചു. ഡൽഹിയിൽ ആംആദ്മി പാർട്ടി സ്ഥാപിതമായതിന്റെ അഞ്ചാം വാർഷിക ദിനാഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിൽ ഹിന്ദു, മുസ്‍ലിം വേർതിരിവു സൃഷ്ടിക്കുകയെന്നതാണ് പാക്കിസ്ഥാന്റെ ദീർഘകാലമായുള്ള സ്വപ്നം. ഈ ലക്ഷ്യത്തിനായി ശ്രമിക്കുന്നത് ആരായാലും അവർ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരാണ്. രാജ്യസ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞു വരുന്ന ഇത്തരക്കാരാണ് യഥാർഥ രാജ്യദ്രോഹികൾ. ഈ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ 70 വർഷമായി ഐഎസ്ഐയ്ക്കു കഴിയാത്തതാണ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് നരേന്ദ്ര മോദി സർക്കാർ നേടിയെടുത്തിരിക്കുന്നത് – ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ കേജ്‌രിവാൾ പറഞ്ഞു.

ഡൽഹി രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി നേതാക്കളായ അശുതോഷ്, ഗോപാൽ റായ്, കുമാർ വിശ്വാസ്, അതിഷി മർലേന തുടങ്ങിയവർക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിന് എഎപി പ്രവർത്തകരും പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിൽ എന്തു വിലകൊടുത്തും ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനും കേജ്‌രിവാൾ ആഹ്വാനം ചെയ്തു. ആവശ്യമെങ്കിൽ എഎപി സ്ഥാനാർഥിക്ക് എതിരെ വോട്ടു ചെയ്തിട്ടായാലും ബിജെപിയുടെ തോൽവി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയെ തോൽപ്പിക്കാൻ കരുത്തുള്ള സ്ഥാനാർഥിക്കാകണം നമ്മുടെ വോട്ട്. ഒരു മണ്ഡ‍ലത്തിൽ ആംആദ്മി പാർട്ടിക്ക് വിജയസാധ്യതയുണ്ടെങ്കിൽ പാർട്ടി സ്ഥാനാർഥിക്കു തന്നെ വോട്ടു ചെയ്യുക. അതല്ലെങ്കിൽ ബിജെപിയെ തോൽപ്പിക്കാൻ സാധ്യത കൂടുതലുള്ള സ്ഥാനാർഥിക്ക് വോട്ടു ചെയ്യുക. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് മുഖ്യമെന്നും കേജ്‌രിവാൾ പറ‍ഞ്ഞു. 182 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ 20 മണ്ഡലങ്ങളിൽ എഎപി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും സമൻമാരാണെന്നും കേജ്‌രിവാൾ അഭിപ്രായപ്പെട്ടു. വ്യാപം അഴിമതി, റഫാൽ അഴിമതി, ബിർല ഡയറീസ് തുടങ്ങിയ ഈ സർക്കാരിന്റെ കാലത്തു സംഭവിച്ചതാണ്. ജഡ്ജിമാർ പോലും ഇക്കാലത്ത് അഴിമതിയിൽനിന്ന് മുക്തരല്ല. കോൺഗ്രസിനെ വേരോടെ പിഴുതെറിഞ്ഞതു പോലെ ബിജെപിയെയും പിഴുതെറിയാനുള്ള സമയമായിരിക്കുന്നു – കേജ്‌രിവാൾ പറഞ്ഞു.

തങ്ങളുടെ അഴിമതി വിരുദ്ധ പ്രവർത്തനത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ഡൽഹിയിലെ ആന്റി–കറപ്ഷൻ ബ്യൂറോയുടെ ചുമതല പിടിച്ചെടുക്കാൻ ബിജെപി സർക്കാർ ശ്രമിച്ചതെന്നും കേജ്‌രിവാൾ ആരോപിച്ചു. അതിനായി അർധസൈനിക വിഭാഗത്തെ പോലും അവർ ഇവിടേക്ക് അയച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവത്തെക്കുറിച്ച് മുൻപ് കേട്ടിട്ടില്ലെന്നും കേജ്‌രിവാൾ ചൂണ്ടിക്കാട്ടി.