Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ കലാപം രൂക്ഷം; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

pakistan-protest-1 പ്രതിഷേധക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കിയപ്പോൾ. ചിത്രം: എഎഫ്പി

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ കലാപം രൂക്ഷം. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണു കലാപത്തിലെത്തിയത്. സര്‍ക്കാരും പ്രതിേഷധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. 200ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്. സ്വകാര്യ ചാനലുകള്‍ക്കും താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി.

കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതു മതവികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നു വിലയിരുത്തിയാണു സ്വകാര്യചാനലുകള്‍ക്കു താല്‍കാലിക നിരോധനം കൊണ്ടുവന്നത്. ട്വിറ്ററിനും ഫെയ്സ്ബുക്കിനും താല്‍കാലിക വിലക്കും ഏര്‍പ്പെടുത്തി. നാലുപേര്‍ മരിച്ചതായി പ്രതിഷേധക്കാര്‍ പറയുന്നുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല.

pakistan-protest-2 പാക്കിസ്ഥാനിൽ പ്രതിഷേധം നടത്തുന്നവർ. ചിത്രം: എപി

കലാപം ലഹോറിലേക്കും കറാച്ചിയിലേക്കും വ്യാപിക്കുകയാണ്. ടിയര്‍ ഗ്യാസ് ഷെല്ലുകളും കല്ലുകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞാണു കലാപകാരികള്‍ പൊലീസ് നടപടിയെ ചെറുക്കുന്നത്. തെഹ്‌രികെ ലെബെയ്ക് എന്ന തീവ്ര മത - രാഷ്ട്രീയപാര്‍ട്ടിയാണു പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായത് എഴുത്തുപിശക് മാത്രമായിരുന്നുവെന്നു നിയമമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധത്തിന് അയവുവന്നില്ല.

നിയമമന്ത്രി സഹീദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇൗമാസം ആറിനാണ് ഉപരോധം തുടങ്ങിയത്. നൂറുകണക്കിനു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ കലാപം നിയന്ത്രണാതീതമായി. സൈനികസഹായം തേടിയിരിക്കുകയാണു സര്‍ക്കാര്‍.