Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 വർഷത്തിനുശേഷം ‘ക്ലറിക്കൽ കോളർ’ വീണ്ടുമണിഞ്ഞ് യോർക്ക് ആർച്ച് ബിഷപ്

john-sentamu യോർക്കിലെ ആർച്ച്ബിഷപ് ഡോ. ജോൺ സെന്റാമു

ലണ്ടൻ∙ സിംബാബ്‌വെയിലെ റോബർട്ട് മുഗാബെയുടെ ഏകാധിപത്യഭരണത്തിൽ പ്രതിഷേധിച്ചു പത്തുവർഷം മുമ്പ് ഉപേക്ഷിച്ച സ്ഥാനചിഹ്നമായ ‘ക്ലറിക്കൽ കോളർ’ (ഡോഗ് കോളർ) ലക്ഷ്യസാക്ഷാത്കാരത്തിനൊടുവിൽ തിരിച്ചണിഞ്ഞ് യോർക്കിലെ ആഫ്രിക്കൻ വംശജനായ ആംഗ്ലിക്കൻ ആർച്ച് ബിഷപ്. ആംഗ്ലിക്കൻ സഭയിലെ രണ്ടാമനായ യോർക്കിലെ ആർച്ച്ബിഷപ് ഡോ. ജോൺ സെന്റാമുവാണു പത്തുവർഷം മുമ്പ് ബിബിസിയിലെ അഭിമുഖ പരിപാടിക്കിടെ മുഗാബെ ഭരണത്തോടു കലഹിച്ചു തന്റെ ക്ലറിക്കൽ കോളർ പരസ്യമായി കഷണങ്ങളാക്കി പ്രതിഷേധം അറിയിച്ചത്. മുഗാബെ അധികാരത്തിലിരിക്കുന്നിടത്തോളം കാലം താൻ ഇനി കോളർ അണിയില്ലെന്നു പ്രതിജ്ഞയെടുത്തായിരുന്നു അന്ന് ആർച്ച്ബിഷപ് ബിബിസിയുടെ സ്റ്റുഡിയോയിൽനിന്നു മടങ്ങിയത്.

ആർച്ച് ബിഷപ് പരസ്യമായി നുറുക്കി ഉപേക്ഷിച്ച കോളറിന്റെ കഷണങ്ങളെല്ലാം ബിബിസി ഭദ്രമായി സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുഗാബെ 37 വർഷത്തെ ഭരണത്തിനുശേഷം സ്ഥാനഭൃഷ്ടനാക്കപ്പെട്ടതോടെ ബിബിസിയുടെ കൈവശമുള്ള ഈ കോളറിന്റെ നുറുക്കുകൾ വീണ്ടും വാർത്തയുടെ വിത്തുകളായി. അന്ന് ആർച്ച്ബിഷപ്പിന്റെ അഭിമുഖം നടത്തിയ ആൻഡി മർ തന്നെ തന്റെ ഷോയിൽ വീണ്ടും ബിഷപ്പിനെ അഭിമുഖത്തിനായി ക്ഷണിച്ചു. ഭദ്രമായി കവറിൽ സൂക്ഷിച്ച ടൈയുടെ കഷണങ്ങളും അന്നത്തെ ശപഥവും ബിബിസി അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചതോടെ പോക്കറ്റിൽ കരുതിയ പുത്തൻ ടൈ അദ്ദേഹം പുറത്തെടുത്തു പരസ്യമായി അണിഞ്ഞു.

പത്തുവർഷം മുമ്പു താൻ തുണ്ടുകളാക്കി മാറ്റിയ കോളർ സൂപ്പർ ഗ്ലൂ ചേർത്തു യോജിപ്പിച്ച് അണിയാനാണു തനിക്ക് താൽപര്യമെങ്കിലും അതു ഭംഗിയാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് പുതിയത് അണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒട്ടിച്ചെടുക്കുന്ന പുതിയ കോളറിന്റെ അവസ്ഥയാണ് ഇപ്പോൾ സിംബാബ്‌വെയിലുള്ളതെന്നു തുറന്നു പറയാനും അദ്ദേഹം മടി കാണിച്ചില്ല. പലതരത്തിൽ വിഭജിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത സിംബാബ്‌വെയിലെ ജനങ്ങളെ രക്ഷിച്ചെടുക്കുക എളുപ്പമുള്ള കാര്യമല്ലെന്നും സമൂലമായ മാറ്റത്തിനായി ഇനിയും ഒട്ടേറെ കാര്യങ്ങൾ അവിടെ സംഭവിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോളർ അണിയാതെ ആരംഭിച്ച കഴിഞ്ഞ പത്തുവർഷത്തെ ഓരോ പ്രഭാതത്തിലും താൻ സിംബാബ്‌വെയിലെ ജനങ്ങളെ ഓർമിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തതായി ആർച്ച്ബിഷപ് വെളിപ്പെടുത്തി.

പത്തുവർഷം മുമ്പ് സ്റ്റുഡിയോയിൽ താൻ മുറിച്ച് ഉപേക്ഷിച്ച കോളർ ഭദ്രമായി സൂക്ഷിച്ച ടെലിവിഷൻ അവതാരകനെ വിശ്വസ്തനായ സുഹൃത്തായി വിശേഷിപ്പിച്ചാണ് അദ്ദേഹം സ്റ്റുഡിയോയിൽനിന്നു മടങ്ങിയത്.